അഞ്ച് കളിയില്‍ തിരിച്ചടി, വിജയവഴി തേടി ഗോകുലം 

ഐസ്വാള്‍ - കഴിഞ്ഞ അഞ്ച് കളികളില്‍ തിരിച്ചടികള്‍ നേരിടുന്ന ഗോകുലം കേരള എഫ്.സി ഐ-ലീഗ് ഫുട്‌ബോളില്‍ നാളെ മുന്‍ ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്.സിയെ നേരിടുന്നു. ഗോകുലം അവസാനം ജയിച്ചത് നവംബര്‍ 13 നാണ് ട്രാവുവിനെതിരായ എവേ മത്സരം. അതിനു ശേഷം ഷില്ലോംഗ് ലജോംഗിനോട് എവേ മത്സരം 1-3 ന് തോറ്റു, ചര്‍ച്ചില്‍ ബ്രദേഴ്‌സിനോട് കോഴിക്കോട്ടും നാംധാരി എഫ്.സിയോട് പഞ്ചാബിലും മുഹമ്മദന്‍ സ്‌പോര്‍ടിംഗിനോട് കൊല്‍ക്കത്തയിലും സമനില വഴങ്ങി. റിയല്‍ കശ്മീരിനോട് ശ്രീനഗറില്‍ 0-3 ന് തോറ്റു. ഒരു ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഗോകുലം ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള മുഹമ്മദന്‍സിനെക്കാള്‍ 10 പോയന്റ് പിന്നിലാണ് ഗോകുലം. 2021 ലും 2022 ലും ചാമ്പ്യന്മാരായിരുന്നു ഗോകുലം. 
നേരെ വിപരീതമാണ് ഐസ്വാളിന്റെ അവസ്ഥ. ദല്‍ഹിയോട് 1-5 ന് നാണംകെട്ട ശേഷം കഴിഞ്ഞ അഞ്ച് കളിയില്‍ അജയ്യരായി മുന്നേറുകയാണ് അവര്‍. അതില്‍ മൂന്നെണ്ണം ജയിച്ചു. നാലാം സ്ഥാനത്താണ് അവര്‍. ഗോകുലത്തെക്കാള്‍ മൂന്ന് പോയന്റ് മുന്നില്‍. 
കൊല്‍ക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തില്‍ ഇന്റര്‍ കാശി 2-0 ന് ദല്‍ഹി എഫ്.സിയെ തോല്‍പിച്ചു. പതിനാലാം മിനിറ്റില്‍ മുഹമ്മദ് ആസിഫും മുപ്പത്താറാം മിനിറ്റില്‍ ജോര്‍ദാന്‍ ലമേലയും സ്‌കോര്‍ ചെയ്തു. ഐ-ലീഗില്‍ ഇന്റര്‍ കാശിയുടെ ആദ്യ ഹോം വിജയമാണ് ഇത്. ആദ്യ മൂന്നു വിജയവും എതിരാളികളുടെ ഗ്രൗണ്ടിലായിരുന്നു. ആറാം സ്ഥാനത്താണ് ഇന്റര്‍ കാശി. വാലറ്റക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ രാജസ്ഥാന്‍ 4-3ന് നെരോക്കയെ തോല്‍പിച്ചു. രണ്ട് ടീമും പത്ത് കളികളില്‍ രണ്ട് വിജയമാണ് നേടിയത്.
 

Latest News