ഐ.സി.ബി.എഫ് ഹാജിക്ക ഉപന്യാസ മത്സരം: പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

ഹാജിക്കയുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായുള്ള മൊമെന്റോ ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറിഡോ. വൈഭവ് തണ്ടാലെയിൽ നിന്നും ഭാര്യയും കുടുംബാംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങുന്നു.


ദോഹ-ഖത്തറിലെ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഹാജിക്ക സ്മാരക ഉപന്യാസ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോർഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് തണ്ടാലെ മുഖ്യാതിഥിയായിരുന്നു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ എസ്. എ. എം. ബഷീർ, ഹാജിക്കയുടെ മകൻ ഷഹീൻ എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ ഐ.സി.ബി.എഫ്  ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതവും യൂത്ത് വെൽഫയർ കൺവീനർ സമീർ അഹമ്മദ് നന്ദിയും പറഞ്ഞു.
40 വർഷക്കാലത്തോളം ഖത്തറിലെ ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ഹാജിക്കയുടെ സ്മരണ നിലനിർത്തുന്നതിനും വിദ്യാർത്ഥികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും പരോപകാര പ്രവർത്തനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും ഖത്തറിൽ ഐ.സി.ബി.എഫ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുവാനും ലക്ഷ്യമിട്ടാണ് എല്ലാ വർഷവും ഹാജിക്ക ഉപന്യാസ മത്സരം നടത്തി വരുന്നത്.മത്സരത്തിൽ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നും സീനിയർ,ജൂനിയർ വിഭാഗങ്ങളിലായി 230 വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.
സീനിയർ വിഭാഗത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിലെ ഐഷ മനാൽ ഒന്നാം സ്ഥാനവും എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ സൗപർണിക രാജ്കുമാർ രണ്ടാം സ്ഥാനവും,  ഡി.പി.എസ്‌മോഡേൺ ഇന്ത്യൻ സ്‌കൂളിലെ അൻവിത ശേഖർ മൂന്നാം സ്ഥാനവും നേടി. നോബിൾ ഇന്റർനാഷണൽ സ്‌കൂളിലെ മരിയ അജയ് ചെമ്മല, ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്‌കൂളിലെ ഷമിത ആനന്ദ് എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. ജൂനിയർ വിഭാഗത്തിൽ ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്‌കൂളിലെ പ്രണവി തമിഴരശൻ ഒന്നാം സ്ഥാനവും, ഐഡിയൽ ഇന്ത്യൻ സ്‌കൂളിലെ അദിദേവ് സജിത്ത് രണ്ടാം സ്ഥാനവും, എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ റിഹാബ് ഷമീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഭവൻസ് പബ്ലിക് സ്‌കൂളിലെ എ.എം. രാഘവ്, ഐഡിയൽ ഇന്ത്യൻ സ്‌കൂളിലെ ആദർശ് അനിൽ എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. ഹാജിക്കയുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു
ഐ.സി.ബി. എഫ് ഉപദേശക സമിതി അംഗം ടി.രാമശെൽവം, ഐ.എസ്. സി ജനറൽ സെക്രട്ടറി നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, വിവിധ കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ട്രഷറർ കുൽദീപ് കൗർ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, അബ്ദുൾ റഊഫ് കൊണ്ടോട്ടി, ശങ്കർ ഗൗഡ് തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു.

Tags

Latest News