ദോഹ- ഖത്തറിൽ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്ററിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഫോട്ടോഗ്രാഫി ദിനം ആഘോഷിക്കുന്നു. ഇന്നും നാളെയുമാണ് ഫോട്ടോ ഗ്രാഫി ദിന പരിപാടികൾ നടക്കുക. ഖത്തറിലെ എല്ലാ ഫോട്ടോഗ്രാഫി പ്രേമികളെയും ഒരുമിപ്പിക്കുന്നതിനും ഫോട്ടോഗ്രാഫി കലയെ മെച്ചപ്പെടുത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.പ്രശസ്ത ഫ്യൂജി ഫിലിം ഫോട്ടോഗ്രാഫറായ ഡാനി ഈദിന്റെ 'ലാൻഡ്സ്കേപ്പ് ആന്റ് സിറ്റിസ്കേപ്പ് ഫോട്ടോഗ്രാഫി' എന്ന സെമിനാറോടെയാണ് പരിപാടി ആരംഭിക്കുന്നത്. കൂടാതെ, നിക്കോൺ അംബാസഡറായ പ്രിയാൻഷി നഹാറ്റയുടെ വൈൽഡ്ലൈഫ് ഫോട്ടോഗ്രഫി വർക്ക്ഷോപ്പും, സോണി അംബാസഡർ അബ്ദുള്ള അൽ മുഷൈഫ്രിയുടെ ട്രാവൽ ആൻഡ് പോർട്രെയിറ്റ് ഫോട്ടോഗ്രാഫി വർക്ക്ഷോപ്പും ഉണ്ടായിരിക്കും. അതിന് ശേഷം ഉദ്ഘാടന ചടങ്ങും അവാർഡ് ദാനവും നടക്കും.ഐ.സി.സി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ വിജയികളെയും 5000 റിയാൽ ക്യാഷ് പ്രൈസും ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിക്കുമെന്ന് ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ എ.പി അറിയിച്ചു. ചീഫ് ജൂറി അബ്ദുള്ള അൽമെസ്ലേയാണ് വിജയികളെ പ്രഖ്യാപിക്കുക.
വിവിധ വിഷയങ്ങൾ ഉൾപ്പെടുന്ന അഞ്ചു സൗജന്യ ഫോട്ടോഗ്രാഫി വർക്ക്ഷോപ്പുകൾ, ഫോട്ടോഗ്രാഫി എക്സിബിഷൻ, പ്രമുഖ ബ്രാൻഡുകളുടെ ക്യാമറലെൻസ് സൗജന്യ ക്ലീനിംഗ് സേവനങ്ങൾ, പുതിയ ക്യാമറ മോഡലുകളെക്കുറിച്ച് അറിയാനുള്ള അവസരം, ലൈവ് ഷൂട്ടുകൾ, ക്വിസ് മത്സരം തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ. ഫോട്ടോഗ്രാഫിയുടെ വിവിധ വശങ്ങൾ പഠിക്കാൻ എല്ലാ ഫോട്ടോഗ്രാഫി പ്രേമികളും പരിപാടി പ്രയോജനപ്പെടുത്തണമെന്ന് ഐ.സി.സി ഫോട്ടോഗ്രാഫി ക്ലബ് പ്രസിഡന്റ് വിഷ്ണു ഗോപാൽ അഭ്യർത്ഥിച്ചു.
ശനിയാഴ്ച വൈകുന്നേരം, ഫ്യൂജി ഫിലിം അംബാസഡർ ആരെഫ് അൽഅമാരിയും പ്രശസ്ത കാനൻ മെന്ററായ ഡയാന ഹദ്ദാദും ചേർന്ന് 'ദ ആർട്ട് ഓഫ് ഫുഡ് ഫോട്ടോഗ്രാഫി' എന്ന പേരിൽ വർക്ക്ഷോപ്പ് നടത്തും.ഔട്ട്ഡോർ പോർട്രെയ്റ്റ് ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള വർക്ക്ഷോപ്പും ഡയാന ഹദ്ദാദ് സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂർ രജിസ്ട്രേഷൻ ആവശ്യമില്ല. താൽപര്യമുള്ളവർക്ക് പരിപാടിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയിക്ക് 55 ഇഞ്ച് ടി.വി സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.






