അജ്മാനിൽ നിന്ന് മലയാളി യുവാവിനെ കാണാതായിട്ട് മാസങ്ങൾ പിന്നിടുന്നു

ജംഷീർ

ദുബായ്- അജ്മാനിൽ ജോലിക്കെത്തി കാണാതായ മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയായ യുവാവിന് വേണ്ടിയുള്ള തെരച്ചിൽ മാസങ്ങൾ പിന്നിടുന്നു. അജ്മാനിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന എടപ്പാൾ നെല്ലിശേരി മുക്കടേക്കാട്ട് ജംഷീറിനെ കണ്ടെത്താൻ നാട്ടിലെ ബന്ധുക്കളും യു.എ.ഇയിലെ പരിചയക്കാരും നടത്തുന്ന ശ്രമങ്ങൾ വിഫലമാകുകയാണ്. ജംഷീർ ഇപ്പോൾ ഗൾഫിലുണ്ടോ അതോ നാട്ടിലേക്ക് മടങ്ങിയോ എന്നു പോലും അറിയില്ല. 
എറണാകുളത്ത് ജോലി ചെയ്തിരുന്ന യുവാവ് ഒരു വർഷം മുമ്പാണ് യു.എ.ഇയിലേക്ക് പോയത്. അജ്മാനിൽ താൽകാലികമായി സെയിൽസ്മാനായി ജോലി ചെയ്തിരുന്നു. പിന്നീട് കമ്പനി വിസ ശരിയായപ്പോൾ വിസ മാറ്റാനായി ഒമാനിലേക്ക് പോകുന്നതായി വീട്ടുകാരോട് പറഞ്ഞിരുന്നു. പിന്നീട് ജംഷീറിനെ കുറിച്ച് ആർക്കും വിവരമൊന്നും ലഭിച്ചില്ല.
ഇതിനിടയിൽ പിതാവ് അബ്ദുൽ ലത്തീഫ് ആദ്യം ചങ്ങരംകുളം പോലീസിലും പിന്നീട് മുഖ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നൽകിയിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ജംഷീർ ഇതിനിടയിൽ ഹൈദരാബാദിലും കരിപ്പൂരിലും എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇയാൾ വീട്ടിലെത്തിയിട്ടില്ല. യു.എ.ഇ അധികൃതർ നൽകിയ വിവരമനുസരിച്ച് ജംഷീർ ഇന്ത്യയിലേക്ക് പോയ ശേഷം തിരിച്ചെത്തിയിട്ടില്ലെന്നാണ്. 
മാർച്ച് അവസാന വാരം ജംഷീർ ഹൈദരാബാദിൽ എത്തി എന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന വിശദമായ അന്വേഷണത്തിൽ പോലീസിന് ലഭിച്ച വിവരം. 
പോലീസ് ഹൈദരാബാദിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ആദ്യതവണ വിസിറ്റിംഗ് വിസ കഴിഞ്ഞ് ജനുവരിയിൽ ജംഷീർ കരിപ്പൂരിലെത്തി ഒരാഴ്ച താമസിച്ചുവെന്ന വിവരവും പോലീസിന് ലഭിച്ചു.
മകനെ കുറിച്ച് വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ പിതാവ് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. സി.ബി.ഐ അന്വേഷണം വേണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ സർക്കാരിനോടും സി.ബി.ഐയോടും വരുന്ന ജനുവരി 10നകം മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മകനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ഈ കുടുംബം.
 

Tags

Latest News