പെര്‍ത്ത് - അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച പഴയ സഹതാരം മിച്ചല്‍ ജോണ്സന് മറുപടിയായി പാക്കിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാണറുടെ തകര്‍പ്പന്‍ സെഞ്ചുറി. വാണര്‍ ഒരു വര്‍ഷത്തിനിടയിലാദ്യമായി സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ആദ്യ ദിനം ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 346 റണ്‍സെടുത്തു.
ടെസ്റ്റില്‍ ഫോമിലല്ലാത്ത വാണര്‍ക്ക് വീരോചിത വിടവാങ്ങല്‍ നല്‍കുന്നതും ടെസ്റ്റ് ടീമില്‍ സ്ഥാനം അര്‍ഹിക്കാത്ത വാണര്‍ ഹോം സ്റ്റേഡിയമായ സിഡ്നിയിലെ മൂന്നാം മത്സരത്തില്‍ തന്റെ പേര് സ്വയം പ്രഖ്യാപിച്ചതുമാണ് മിച്ചലിനെ ചൊടിപ്പിച്ചത്.
കളിക്കളത്തില്‍ വാണര്‍ അതിന് മറുപടി നല്കി. സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം മിച്ചല്‍ ഇരുന്ന കമന്ററി ബോക്സിനു നേരെ മുത്തമര്‍പ്പിച്ചു. നാല് സിക്സറും 16 ബൗണ്ടറിയുമുള്‍പ്പെടെ വാണര്‍ 211 പന്തില്‍ 164 റണ്‍സടിച്ചു. ഉസ്മാന് ഖ്വാജയുമൊത്ത് ഓപണിംഗ് വിക്കറ്റില്‍ 126 റണ്‍സും സ്റ്റീവന്‍ സ്മിത്തുമൊത്ത് (31) മൂന്നാം വിക്കറ്റില്‍ 79 റണ്‍സും ട്രാവിസ് ഹെഡുമൊത്ത് (40) നാലാം വിക്കറ്റില്‍ 66 റണ്‍സും വാണര്‍ ചേര്‍ത്തു. രണ്ടു തവണ പാക് ഫീല്‍ഡര്‍മാര്‍ വാണറെ കൈവിട്ടു.






