ഇന്ത്യന്‍ വനിതകള്‍ക്ക് ടെസ്റ്റില്‍ അപൂര്‍വ നേട്ടം 

നവി മുംബൈ - ഇംഗ്ലണ്ടിനെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെടുത്തു. വനിതാ ടെസ്റ്റിന്റെ 88 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിനത്തില്‍ ഏതെങ്കിലും ടീം 400 റണ്‍സ് പിന്നിടുന്നത്. 1935 ല്‍ ഇംഗ്ലണ്ട് വനിതകള്‍ ന്യൂസിലാന്റിനെതിരെ രണ്ടിന് 431 റണ്‍സടിച്ചതാണ് ഇതിന് മുമ്പ് 400 കടന്ന ഏക അവസരം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശേഷം ഇന്ത്യന്‍ മധ്യനിര കരുത്തുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. ശുഭ സതീഷും (69) ജെമീമ റോഡ്രിഗസും (68) യാസ്തിക ഭാട്ടിയയും (66) ദീപ്തി ശര്‍മയും (60 നോട്ടൗട്ട്) അര്‍ധ ശതകം പിന്നിട്ടു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കന്നി അര്‍ധ ശതകം ഒരു റണ്ണിന് നഷ്ടപ്പെട്ടു. 2014 നു ശേഷം ഇന്ത്യയുടെ ആദ്യ ഹോം ടെസ്റ്റാണ് ഇത്. 
ഓപണര്‍മാരായ സ്മൃതി മന്ദാനയും (17) ശഫാലി വര്‍മയും (19) ബൗള്‍ഡായ ശേഷം ശുഭയും ജെമീമയും തമ്മിലുള്ള 115 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ ആശങ്കയകറ്റിയത്. വാലറ്റക്കാരായ ദീപ്തിയും സ്‌നേഹ് റാണയും അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ ഇന്ത്യ 400 കടന്നു. 

 

Latest News