കൊല്‍ക്കത്ത -ഐ.പി.എല്ലിന്റെ അടുത്ത സീസണില്‍ ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കും. പുറംവേദന കാരണം കഴിഞ്ഞ സീസണില്‍ ശ്രേയസ് വിട്ടുനിന്നപ്പോള്‍ നിതിഷ് റാണയാണ് ടീമിനെ നയിച്ചത്. നിതീഷ് അടുത്ത സീസണില്‍ വൈസ് ക്യാപ്റ്റനാവും.
2022 ലെ ഐ.പി.എല്ലിന് മുന്നോടിയായാണ് ദല്‍ഹി കാപിറ്റല്‍സില്‍ നിന്ന് ശ്രേയസിനെ പന്ത്രണ്ടേ കാല്‍ കോടി രൂപക്ക് കെ.കെ.ആര്‍ സ്വന്തമാക്കിയത്. ആറ് ജയവും എട്ട് തോല്‍വിയുമായി ആ സീസണില്‍ കൊല്‍ക്കത്ത ഏഴാം സ്ഥാനത്തായിരുന്നു. നിതിഷിന്റെ ക്യാപ്റ്റന്‍സിയിലും കെ.കെ.ആര്‍ ഏഴാം സ്ഥാനത്തായിരുന്നു. കെ.കെ.ആറിനെ രണ്ടു തവണ കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീര്‍ ഇപ്പോള് ടീം മെന്ററാണ്. ചന്ദ്രകാന്ത് പണ്ഡിറ്റാണ് കോച്ച്. 2018 ല്‍ ദല്‍ഹി കാപിറ്റല്‍സിനെ നയിച്ചാണ് ശ്രേയസ് ആദ്യം ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞത്. അന്ന് ഗംഭീറിനെ പുറത്താക്കിയാണ് ദല്‍ഹി പുതിയ ക്യാപ്റ്റനെ നിയമിച്ചത്.






