ക്ലബ്ബ് ലോകകപ്പ് രണ്ടാം റൗണ്ട്
ലിയോണ്‍ x ഉറാവ റെഡ്‌സ്
നാളെ വൈകു: 5.30
ഇത്തിഹാദ് x അഹ്‌ലി (ഈജിപ്ത്)
നാളെ രാത്രി 9.00
ജിദ്ദ - ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം റൗണ്ടില്‍ നാളെ അറബ് ടീമുകളുടെ സൂപ്പര്‍ പോരാട്ടം. ആതിഥേയ രാജ്യത്തിന്റെ ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് രണ്ടാം റൗണ്ടില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്തിലെ അല്‍അഹ്‌ലിയുമായി ഏറ്റുമുട്ടും. ഏഷ്യന്‍ ചാമ്പ്യന്മാരായ ഉറാവ റെഡ് ഡയമണ്ട്‌സും (ജപ്പാന്‍) കോണ്‍കകാഫ് ചാമ്പ്യന്മാരായ ലിയോണും (മെക്‌സിക്കൊ) മത്സരവും നാളെയാണ്.
അറബ് പോരാട്ടത്തില്‍ ജയിക്കുന്ന ടീം സെമിഫൈനലില്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ബ്രസീലിലെ ഫഌമിനന്‍സുമായി ഏറ്റുമുട്ടും. ഉറാവ-ലിയോണ്‍ കളിയിലെ വിജയികളെ സെമിഫൈനലില്‍ കാത്തിരിക്കുന്നത് യൂറോപ്യന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ്.
അറബ് മേഖലയിലെ ഏറ്റവും പ്രമുഖമായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കായിക പോരാട്ടം എന്നും ആരാധകര്‍ക്ക് ഉത്സവമാണ്. ഇത് ഏഷ്യന്‍-ആഫ്രിക്കന്‍ മുഖാമുഖം കൂടിയാണ്. തുടര്‍ച്ചയായ നാലാം തവണയാണ് അല്‍അഹ്‌ലി ക്ലബ്ബ് ലോകകപ്പില്‍ കളിക്കുന്നത്. അതേസമയം ഇത്തിഹാദ് അവസാനം ടൂര്‍ണമെന്റില്‍ കളിച്ചത് 18 വര്‍ഷം മുമ്പാണ്. 2005 ല്‍ ഇത്തിഹാദ് അവസാനം ജയിച്ചത് അഹ്‌ലിക്കെതിരെയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഓഷ്യാന ചാമ്പ്യന്മാരായ ഓക്‌ലന്റ് സിറ്റിയെ 3-0 ന് തകര്‍ത്താണ് ഇത്തിഹാദ് രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റെടുത്തത്. മുമ്പ് കിരീടം നേടിയ കരീം ബെന്‍സീമ, എന്‍ഗോളൊ കാണ്ടെ, ഫാബിഞ്ഞൊ തുടങ്ങിയവരുടെ സാന്നിധ്യവും ഗാലറിയുടെ നിറഞ്ഞ പിന്തുണയും ഇത്തിഹാദിന് ഹരം പകരും.
കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ അഹ്‌ലിക്കും പ്രവാസി ഈജിപ്തുകാരുടെ പിന്തുണയുണ്ടാവും. 11 തവണ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ടീമാണ് അഹ്‌ലി. അഹ്‌ലി ഈജിപ്ത് ലീഗിലെയും ഇത്തിഹാദ് സൗദി ലീഗിലെയും നിലവിലെ ചാമ്പ്യന്മാരാണ്. രണ്ട് ടീമിനും ഈ സീസണില്‍ ഫോം നിലനിര്‍ത്താനായിട്ടില്ല.
ഈജിപ്ത് ദേശീയ ഗോളി മുഹമ്മദ് അല്‍ഷെനാവിയാണ് അഹ്‌ലിയുടെ വല കാക്കുന്നത്. ദേശീയ ടീമിലെ നിരവധി കഴളിക്കാര്‍ അവരുടെ നിരയിലുണ്ട്. ഹുസൈന്‍ അല്‍ശാഹത് ക്ലബ്ബ് ലോകകപ്പില്‍ 13ാം തവണയാണ് കളിക്കാനൊരുങ്ങുന്നത്.






