ജോഹന്നസ്ബര്‍ഗ് - തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് നഷ്ടപ്പെട്ട് ടീം പരുങ്ങുമ്പോള്‍ ക്രീസില്‍ ഒരുമിച്ച ഓപണര്‍ യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റ20യില്‍ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറില്‍ 55 പന്തില്‍ സൂര്യ സെഞ്ചുറി തികച്ചപ്പോള്‍ 41 പന്തില്‍ ജയ്‌സ്വാള്‍ 60 റണ്‍സെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആഞ്ഞടിച്ച സൂര്യ (56 പന്തില്‍ 100) ബൗണ്ടറി ലൈനില്‍ പിടികൊടുത്തു.
ആദ്യ രണ്ടോവറില്‍ 29 റണ്‍സടിച്ച് ഇന്ത്യ അതിവേഗം തുടങ്ങിയതായിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ ബൗളിംഗിന് വന്ന സ്പിന്നര്‍ കേശവ് മഹാരാജ് തുടര്‍ച്ചയായ പന്തുകളില്‍ ഓപണര്‍ ശുഭ്മന്‍ ഗില്ലിനെയും (6 പന്തില്‍ 12) തിലക് വര്‍മയെയും (0) പുറത്താക്കി.
സൂര്യയും ജയ്‌സ്വാളും വീണ്ടും ഇന്നിംഗ്‌സ് കെട്ടിപ്പടുത്തു. പത്തോവറില്‍ രണ്ടിന് 87 ലെത്തി ഇന്ത്യന്‍ സ്‌കോര്‍. 34 പന്തില്‍ അര്‍ധ ശതകം പിന്നിട്ട ജയ്‌സ്വാള്‍ അതേ ഓവറില്‍ ലിസാഡ് വില്യംസിനെ ഗാലറിയിലേക്കുയര്‍ത്തി. പതിമൂന്നാം ഓവറില്‍ ആന്‍ഡിലെ ഫെഹലുകവായോയുടെ തുടര്‍ച്ചയായ നാല് പന്തുകളില്‍ സൂര്യ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു.
സിക്‌സറോടെ അര്‍ധ ശതകം ആഘോഷിച്ച ജയ്‌സ്വാളിനെ തബരൈസ് ശംസി പുറത്താക്കി. റിങ്കു സിംഗും (10 പന്തില്‍ 14) രവീന്ദ്ര ജദേജയും (4) പരാജയപ്പെട്ടു. ജിതേഷ് ശര്‍മ (4) ഹിറ്റ് വിക്കറ്റായി.






