ദക്ഷിണാഫ്രിക്കയില്‍ ഷമി കളിക്കാനിടയില്ല

ന്യൂദല്‍ഹി - പെയ്‌സ്ബൗളര്‍ മുഹമ്മദ് ഷമിക്ക് ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നഷ്ടപ്പെട്ടേക്കും. കണങ്കാലിലെ പരിക്ക് പൂര്‍ണമായി ഭേദമായിട്ടില്ല. വെള്ളിയാഴ്ചയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെ അവസാന ബാച്ച് കളിക്കാര്‍ ദുബായ് വഴി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്നത്. ഈ സംഘത്തില്‍ ഷമി ഇല്ല. വിരാട് കോലി, ആര്‍. അശ്വിന്‍, നവദീപ് സയ്‌നി, ഹര്‍ഷിത് റാണ എന്നിവരാണ് സംഘത്തിലുള്ളത്. ഇതോടെ ദക്ഷിണാഫ്രിക്കയില്‍ എഴുപത്തഞ്ചിലേറെ ഇന്ത്യന്‍ കളിക്കാരുണ്ടാവും, മൂന്ന് സീനിയര്‍ ടീമുകളിലും ഇന്ത്യ എ ടീമിലും. 
കണങ്കാലിലെ വേദനയോടെയാണ് ഷമി ലോകകപ്പില്‍ പന്തെറിഞ്ഞതും വിക്കറ്റ്‌കൊയ്ത്തില്‍ ഒന്നാമതെത്തിയതും. ദക്ഷിണാഫ്രിക്കയിലെ രണ്ട് ടെസ്റ്റുകള്‍ ഈ മാസം 26 നും ജനുവരി മൂന്നിനുമാണ് ആരംഭിക്കുക. 2021 ഡിസംബറിലാണ് ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചെങ്കിലും അവസാന രണ്ട് ടെസ്റ്റുകള്‍ സ്വന്തമാക്കി ആതിഥേയര്‍ പരമ്പര പിടിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഇന്ത്യക്ക് പരമ്പര ജയിക്കാനായിട്ടില്ല.
 

Latest News