പ്രതിഷേധം വിടാതെ ഖ്വാജ, ഗസക്കു വേണ്ടി കറുത്ത ആംബാന്റ്

പെര്‍ത്ത് - മാനുഷിക സന്ദേശങ്ങള്‍ കളിക്കളത്തില്‍ പ്രകടിപ്പിക്കുന്നത് വിലക്കുന്ന ഐ.സി.സി നയത്തിനെതിരെ പൊരുതുമെന്ന് പ്രഖ്യാപിച്ച ഓസ്‌ട്രേലിയന്‍ ഓപണര്‍ ഉസ്മാന്‍ ഖ്വാജ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നത് കറുത്ത ആംബാന്റ് അണിഞ്ഞ്. തുടക്കത്തില്‍ രക്ഷപ്പെട്ട ഖ്വാജ 16 റണ്‍സുമായി ക്രീസിലുണ്ട്. പരിശീലനത്തില്‍ ഗസയിലെ മനുഷ്യക്കുരുതിക്കെതിരെ 'സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്', 'എല്ലാ ജീവനും തുല്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ തന്റെ ഷൂവില്‍ ഖ്വാജ പ്രദര്‍ശിപ്പിച്ചിരുന്നു. മത്സരത്തിലും ഈ ഷൂ അണിയാനായിരുന്നു പദ്ധതി. എന്നാല്‍ നടപടിയെടുക്കുമെന്ന് ഐ.സി.സി ഭീഷണി മുഴക്കുകയും ഇക്കാര്യം ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് മുഖേന ഓപണറെ ധരിപ്പിക്കുകയും ചെയ്തു. ഐ.സി.സിയുടെ നിലപാട് തല്‍ക്കാലം അംഗീകരിക്കുമെങ്കിലും അനുവാദത്തിനായുള്ള പോരാട്ടം തുടരുമെന്ന് ഖ്വാജ അറിയിച്ചിരുന്നു. 
ഖ്വാജ വിവാദ ഷൂ ധരിക്കില്ലെന്ന് പ്രഖ്യാപിച്ചത് കമിന്‍സാണ്. അതിനു ശേഷം ഏറെ വൈകാരികമായ സോഷ്യല്‍ മീഡിയ വീഡിയോയില്‍ തന്റെ സന്ദേശം രാഷ്ട്രിയമല്ലെന്നും മാനുഷികമാണെന്നും ഖ്വാജ വിശദീകരിച്ചു. എല്ലാ മനുഷ്യ ജീവനും സമമാണ്. ജൂതന്റേതാവട്ടെ, മുസ്‌ലിമിന്റേതാവട്ടെ, ഹിന്ദുവിന്റേതാവട്ടെ. ശബ്ദമില്ലാത്തവര്‍ക്കു വേണ്ടിയാണ് ഞാന്‍ ശബ്ദിക്കുന്നത് -ഖ്വാജ പറഞ്ഞു. നിലപാടുകള്‍ സ്വീകരിക്കാനുള്ള കളിക്കാരുടെ അവകാശത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ ഐ.സി.സി ചട്ടങ്ങള്‍ കളിക്കാര്‍ മാനിക്കേണ്ടതുണ്ടെന്നാണ് കരുതുന്നതെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ഖ്വാജ പ്രദര്‍ശിപ്പിച്ച സന്ദേശങ്ങളില്‍ ആര്‍ക്കും പരാതിപ്പെടാനില്ലെന്നും എല്ലാ ജീവനും സമമാണെന്ന ആശയത്തെ പിന്തുണക്കുന്നുവെന്നും ക്യാപ്റ്റന്‍ കമിന്‍സും പ്രതികരിച്ചു. ഉസ്മാന്‍ ഖ്വാജ എല്ലാ അര്‍ഥത്തിലും ഓസ്‌ട്രേലിയക്കാരനും മികച്ച കളിക്കാരനുമാണെന്നും തന്റെ നെഞ്ചോടു ചേര്‍ത്ത നിലപാടുകള്‍ക്കു വേണ്ടി സമാധാനപരമായും പരസ്പരബഹുമാനത്തോടെയും ശബ്ദമുയര്‍ത്താനുള്ള അവകാശത്തെ മാനിക്കുന്നുവെന്നും ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് മന്ത്രി ആനിക വെല്‍സ് പറഞ്ഞു. 
സമാന സന്ദേശങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ ഖ്വാജ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കളിക്കളത്തില്‍ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം സഹ കളിക്കാരെയോ ക്രിക്കറ്റ് ഓസ്‌ട്രേലിയയെയോ ധരിപ്പിച്ചിരുന്നില്ല. 2014 ല്‍ ഒരു ടെസ്റ്റ് മത്സരത്തിനിടെ 'സെയവ് ഗസ, ഫ്രീ ഫലസ്തീന്‍' എന്നെഴുതിയ റിസ്റ്റ് ബാന്റ് അഴിക്കാന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മുഈന്‍അലിയോട് ഐ.സി.സി നിര്‍ദേശിച്ചിരുന്നു. 

Latest News