ന്യൂകാസില്‍ - പരിക്കുകളില്‍ വലയുന്ന ന്യൂകാസില്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ അവസാന ലീഗ് മത്സരത്തില്‍ എ.സി മിലാനോട് 1-2 ന് തോറ്റു. രണ്ട് ടീമും പുറത്തായി. ന്യൂകാസില്‍ തോറ്റത് പി.എസ്.ജിയെയാണ് സഹായിച്ചത്. അവര്‍ ബൊറൂസിയ ഡോര്‍ട്മുണ്ടുമായി 1-1 സമനില പാലിച്ച് നോക്കൗട്ടിലേക്ക് മുന്നേറി. ന്യൂകാസില്‍ ജയിച്ചിരുന്നുവെങ്കില്‍ പി.എസ്.ജിയുടെ കഥ കഴിഞ്ഞേനേ. എ.സി മിലാനെതിരെ മുപ്പത്തിമൂന്നാം മിനിറ്റില്‍ ജോലിന്റനിലൂടെ ന്യൂകാസില്‍ ലീഡ് നേടിയപ്പോള്‍ ആ സാധ്യതയാണ് ഉയര്‍ന്നത്. എന്നാല്‍ മിലാന്‍ തിരിച്ചുവരികയും അവസാന വേളയിലെ ഗോളില്‍ ജയിക്കുകയും ചെയ്തു. 68 സെക്കന്റ് മുമ്പ് പകരക്കാരനായിറങ്ങിയ സാമുവേല്‍ ചുകവേസെയാണ് മിലാനെ വിജയിപ്പിക്കുകയും പി.എസ്.ജിക്ക് നോക്കൗട്ടിലേക്ക് വഴി തുറക്കുകയും ചെയ്തത്. സ്‌കോര്‍ 1-1 ല്‍ നില്‍ക്കെ ബ്രൂണൊ ഗ്വിമേറേസിന്റെ ഷോട്ട് മിലാന്‍ ഗോളി മൈക് മൈനാന്‍ അദ്ഭുതകരമായി തട്ടിത്തെറിപ്പിച്ചത് പോസ്റ്റിനിടിച്ച് മടങ്ങി. മത്സരത്തിലെ നിര്‍ണായക നിമിഷമായി ഇത്.
റയല്‍ മഡ്രീഡ് കഴിഞ്ഞാല്‍ ഏറ്റവുമധികം തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ മിലാന് യൂറോപ്പ ലീഗില്‍ തുടരാം. സാമുവേല്‍ ചുകവേസെ 84ാം മിനിറ്റില്‍ നേടിയ വിജയ ഗോളോടെ അവര്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം സെമിഫൈനല്‍ കളിച്ച ടീമാണ് മിലാന്‍. മിലാനും പി.എസ്.ജിക്കും എട്ട് പോയന്റ് വീതമാണ്. പരസ്പരമുള്ള മത്സര റെക്കോര്‍ഡ് പരിഗണിച്ച് പി.എസ്.ജി നോക്കൗട്ടിലേക്ക് മുന്നേറി. അവസാന സ്ഥാനത്തായ ന്യൂകാസിലിന് ആ സാധ്യതയുമില്ല.
ന്യൂകാസില്‍ ലീഡ് നേടിയെങ്കിലും 59ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ പുലിസിക്കിലൂടെ മിലാന്‍ ഒപ്പമെത്തുകയായിരുന്നു. സൗദി ഉടമസ്ഥതയില്‍ വന്ന ശേഷം ന്യൂകാസിലിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗായിരുന്നു ഇത്. പി.എസ്.ജിയെ അട്ടിമറിച്ച് തുടങ്ങിയ അവര്‍ക്ക് നിരവധി കളിക്കാര്‍ക്ക് പരിക്കേറ്റത് കനത്ത തിരിച്ചടിയായി.






