ന്യൂദല്‍ഹി - ലോകകപ്പിലെ വിക്കറ്റ് ആഘോഷവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ട്രോളുകളില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമി. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ സുജൂദ് (സാഷ്ടാംഗം) ചെയ്യാന്‍ തുനിഞ്ഞ് കാലും കൈയും നിലത്ത് കുത്തിയെന്നും എന്നാല്‍ ഭയന്ന് പിന്മാറിയെന്നുമായിരുന്നു സോഷ്യല്‍ മീഡിയ വീഡിയോകളിലെ പരാമര്‍ശം. എന്നാല്‍ ഇന്ത്യക്കാരനും മുസ്ലിമുമായതില് അഭിമാനമുണ്ടെന്നും സുജൂദ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നതെങ്കില്‍ ആരും തന്നെ തടയില്ലായിരുന്നുവെന്നും ഷമി പ്രതികരിച്ചു. സുജൂദ് ചെയ്യണമെങ്കില്‍ ചെയ്യും. അതിനെന്താണ് പ്രശ്നം? മറ്റു മതസ്ഥരെ ഞാന്‍ തടയാറില്ല. എന്നെ അവരും തടയില്ല. ഇന്ത്യക്കാരനെന്ന നിലയിലും മുസ്ലിമാണെന്ന നിലയിലും അഭിമാനമുണ്ട്. സുജൂദ് ചെയ്യാന്‍ ആരുടെയെങ്കിലും അനുവാദം വാങ്ങണമെങ്കില്‍ ഞാനെന്തിന് ഇന്ത്യയില്‍ ജീവിക്കണം? കുഴപ്പം സൃഷ്ടിക്കാനാഗ്രഹിക്കുന്നവരും ഒരു പണിയുമില്ലാത്തവരുമാണ് ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ -അജണ്ട ആജ്തക് എന്ന ചാനല്‍ പരിപാടിയില്‍ ഷമി പറഞ്ഞു.
ആദ്യ മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനിലെത്തിയില്ലെങ്കിലും ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തത് ഷമി ആയിരുന്നു. മൂന്നു മത്സരങ്ങളില്‍ അഞ്ച് വിക്കറ്റെടുത്തു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






