കാക് ഫെസ്റ്റ് ഡിസംബർ 15, 16, 22 തീയതികളിൽ

കാക് ഖത്തർ ഭാരവാഹികൾ ദോഹയിൽ പത്രസമ്മേളനത്തിൽ. 

ദോഹ- കോൺഫെഡറേഷൻ ഓഫ് അലുംനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക് ഖത്തർ) ഇന്റർ കോളേജിയേറ്റ് കൾച്ചറൽ ഫെസ്റ്റ് (തരംഗ്) ഡിസംബർ 15, 16, 22 തീയതികളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 15, 16 തീയതികളിൽ വ്യക്തിഗത ഇനങ്ങളും 22നു ഗ്രൂപ്പ് മത്സരങ്ങളും സമാപന ചടങ്ങും സംഘടിപ്പിക്കും. 
അഞ്ചു വയസ്സ് മുതലുള്ള മത്സരാർഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ സബ്ജൂനിയർ, ജൂനിയർ, ഇന്റർ മീഡിയറ്റ്, സീനിയർ വിഭാഗങ്ങളിലായി 62 മത്സര ഇനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഭരതനാട്യം, നാടോടി നൃത്തം, ഫാൻസി ഡ്രസ്സ്, മോണോ ആക്ട്, മാപ്പിളപ്പാട്ട്, ലളിതഗാനം, വിവിധ ഭാഷകളിലെ പ്രസംഗ മത്സരം, കഥ പറച്ചിൽ, വിവിധ ഭാഷകളിൽ പദ്യം ചൊല്ലൽ തുടങ്ങി 50ൽപരം വ്യക്തിഗത മത്സരങ്ങളും സംഘടിപ്പിക്കും. കവിതാ രചന,  കഥാരചന, ചിത്രരചന, ഫീച്ചർ എഴുത്ത്, ഫോട്ടോഗ്രഫി, സാലഡ് മേക്കിംഗ്, ഫ്‌ളവർ അറേഞ്ച്‌മെന്റ് പോലുള്ള മത്സരങ്ങളും ഉണ്ടായിരിക്കും. വട്ടപ്പാട്ട്, ഒപ്പന, മൈം, സ്‌കിറ്റ്, സംഘഗാനം, സംഘനൃത്തം എന്നിവ ഗ്രൂപ്പ് മത്സരങ്ങളുടെ ഭാഗമാകും. 
ഓരോ കാറ്റഗറികളിലും കൂടുതൽ പോയിന്റ് നേടി വ്യക്തിഗത നേട്ടം കൈവരിക്കുന്ന വ്യക്തികളെ കുരുന്നു പ്രതിഭ, ബാലപ്രതിഭ, യുവപ്രതിഭ, കലാപ്രതിഭ എന്നീ പട്ടങ്ങൾ നൽകി ആദരിക്കും.
കാക് ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച കാക് ഫെസ്റ്റ് ടൈറ്റിൽ കോണ്ടസ്റ്റിൽ 'തരംഗ്' എന്ന ടൈറ്റിൽ നിർദേശിച്ച എം.എസ്.എം കോളേജിലെ മിനി ഷൈജുവിനെ വിജയിയായി തെരഞ്ഞെടുത്തു. തുടർന്ന് സംഘടിപ്പിച്ച ലോഗോ മത്സരത്തിൽ എം.എസ്.എം കോളേജിലെ ഷൈജു ധമനി ഡിസൈൻ ചെയ്ത ലോഗോ കാക് ഫെസ്റ്റ് 2023 ഓഫീഷ്യൽ ലോഗോ ആയി തെരഞ്ഞെടുത്തു.
കാക് ഫെസ്റ്റിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളെയും ഉൾപ്പെടുത്തി കാക് ബെസ്റ്റ് മാഗസിൻ അവാർഡ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. കോളേജുകളിൽ നിന്നു നല്ല പ്രതികരണമാണ് ഇതിന് ലഭിച്ചത്. ഒന്നാം സ്ഥാനം നേടുന്ന മാഗസിനു പതിനയ്യായിരം രൂപയും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം പതിനായിരവും അയ്യായിരവും രൂപയും സമ്മാനം നൽകും. വിദഗ്ധ പാനലിന്റെ നേതൃത്വത്തിൽ മാഗസിനുകൾ വിലയിരുത്തുന്നതിനുള്ള  ഒരുക്കങ്ങൾ നടക്കുന്നുണ്ട്. ഫോട്ടോഗ്രഫി മത്സരവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. നൂറിൽപരം മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിന്റെ വിധി നിർണയം നടന്നു വരികയാണ്. 
കേരളത്തിൽ നിന്നുള്ള 21ൽപരം പ്രമുഖ കോളേജുകളുടെ അലുംനി അസോസിയേഷനുകൾ ഭാഗമാകുന്ന കാക് ഖത്തർ എല്ലാ വർഷവും അതിവിപുലമായാണ് കാക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഈ വർഷം 14 കോളേജുകൾ സജീവമായി മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നതിന് അതാത് കോളേജ് അലുംനി അസോസിയേഷനുകൾ വഴിയാണ് അപേക്ഷകൾ സ്വീകരിച്ചത്. 
കാക് ഖത്തർ പ്രസിഡന്റ് സി.കെ അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ഇബ്രാഹിം, ട്രഷറർ ഗഫൂർ കാലിക്കറ്റ്, ഷഹനാസ് ബാബു, മുഖ്യ സ്‌പോൺസർ ഡ്രീം പ്രോപ്പർട്ടീസ് സി.ഇ.ഒ മുഹമ്മദ് ഷഫീഖ്, സുബൈർ പാണ്ഡവത്ത്, സാം കുരുവിള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 33058296, 55658574, 77199690, 33065549 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ.മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്

Tags

Latest News