ടെന്നിസില്‍ ഏഷ്യന്‍ ചരിത്രം, പെയ്‌സിനും അമൃതരാജിനും ബഹുമതി

ന്യൂയോര്‍ക്ക് -18 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ നേടിയ ലിയാന്റര്‍ പെയ്‌സിനെയും മുന്‍ കളിക്കാരനും കമന്റേറ്ററും പ്രമോട്ടറുമെന്ന നിലയില്‍ ലോകപ്രശസ്തനായ വിജയ് അമൃതരാജിനെയും ഇന്റര്‍നാഷനല്‍ ടെന്നിസ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ആദരിച്ചു. ആദ്യമായാണ് ഏഷ്യന്‍ പുരുഷ കളിക്കാര്‍ ടെന്നിസ് ഹാള്‍ ഓഫ് ഫെയിമിലെത്തുന്നത്. ചൈനയുടെ വനിതാ താരം നാ ലിയെ 2019ല്‍ ആദരിച്ചിരുന്നു. 1955 മുതല്‍ വര്‍ഷം തോറും മികച്ച പഴയകാല കളിക്കാരെ ആദരിക്കുന്ന ടെന്നിസ് ഹാള്‍ ഓഫ് ഫെയിം ക്ലാസ് ഓഫ് 2024 കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 
പെയ്‌സും അമൃതരാജും ഇന്ത്യക്കാരാണ്. ഇതുവഴി ടെന്നിസ് ഹാള്‍ ഓഫ് ഫെയിമില്‍ ഇരുപത്തെട്ടാമത്തെ രാജ്യത്തിന് പ്രാതിനിധ്യം ലഭിച്ചു. ജൂലൈ 20 നായിരിക്കും ആദരിക്കല്‍ ചടങ്ങ്. പെയ്‌സിന് കളിക്കാരുടെ കാറ്റഗറിയിലാണ് ആദരം. ചരിത്രത്തിലാദ്യമായി കഴിഞ്ഞ രണ്ടു വര്‍ഷം ഒരു കളിക്കാരനും ഹാള്‍ ഓഫ് ഫെയിമില്‍ സ്ഥാനം നേടിയിരുന്നില്ല. വിദഗ്ധരുടെ വോട്ടിംഗില്‍ 75 ശതമാനം ലഭിച്ചവരെയാണ് ആദരിക്കുക.
 

Latest News