ഇഞ്ചുറി ടൈം ഗോളില്‍ റയല്‍, ജയം കാണാതെ ബെര്‍ലിന്‍

ബെര്‍ലിന്‍ - ഡാനി സെബയോസിന്റെ ഇഞ്ചുറി ടൈം ഗോളില്‍ 3-2 ന് യൂനിയന്‍ ബെര്‍ലിനെ തോല്‍പിച്ച് റയല്‍ മഡ്രീഡ് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കി. ഗ്രൂപ്പ് സി-യില്‍ ആറ് മത്സരങ്ങളും റയല്‍ ജയിച്ചു. മൂന്നു കളി ജയിക്കുകയും ഒന്ന് സമനിലയാക്കുകയും ചെയ്ത നാപ്പോളിയും ഗ്രൂപ്പ് സി-യില്‍ നിന്ന് നോക്കൗട്ടിലെത്തി. അവസാന മത്സരത്തില്‍ സ്‌പോര്‍ടിംഗ് ബ്രാഗയെ 2-0 ന് നാപ്പോളി തോല്‍പിച്ചു. ബ്രാഗ യൂറോപ്പ ലീഗില്‍ തുടരും. നാല് കളിയും തോറ്റ ബെര്‍ലിന്‍ രണ്ട് പോയന്റുമായി പുറത്തായി. 
ലൂക്ക മോദ്‌റിച് ആദ്യ പകുതിയില്‍ പെനാല്‍ട്ടി പാഴാക്കിയ ശേഷം പ്രത്യാക്രമണത്തില്‍ ബെര്‍ലിന്‍ ലീഡ് നേടിയിരുന്നു. കെവിന്‍ വോളന്റാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ 10 മിനിറ്റിനിടയില്‍ ഹോസേലു രണ്ട് ഗോളടിച്ചതോടെ ആതിഥേയ ഗാലറി നിശ്ശബ്ദമായി. പകരക്കാരനായിറങ്ങി നിമിഷങ്ങള്‍ക്കം അലക്‌സ് ക്രാള്‍ ബെര്‍ലിനെ ഒപ്പമെത്തിച്ചു. എങ്കിലും സെബയോസിന്റെ ഗോളിലൂടെ റയല്‍ ആറാം മത്സരവും ജയിച്ചു. 
രണ്ടു മാസത്തിനു ശേഷം ആദ്യമായി ഹോം മത്സരത്തില്‍ വിജയം കണ്ടാണ് നാപ്പോളി നോക്കൗട്ടിലെത്തിയത്. സെര്‍ദര്‍ സാചിയുടെ സെല്‍ഫ് ഗോളും വിക്ടര്‍ ഒസിംഹന്റെ ഗോളും നാപ്പോളിക്ക് വിജയം സമ്മാനിച്ചു. ഡിയേഗൊ അര്‍മാന്‍ഡൊ മറഡോണ സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ആറു കളികളിലും നാപ്പോളിക്ക് ജയിക്കാനായിട്ടില്ല.
ഗ്രൂപ്പ് ഡി-യില്‍ ഗോള്‍രഹിത സമനില നേടി ഇന്റര്‍ മിലാനും റയല്‍ സൊസീദാദും നോക്കൗട്ടിലെത്തി. സാല്‍സ്ബര്‍ഗിനെ 3-1 ന് തോല്‍പിച്ച് ബെന്‍ഫിക്ക യൂറോപ്പ ലീഗില്‍ തുടരും. 

Latest News