ഐന്തോവന് - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ബി-യിലെ അപ്രസക്തമായ മത്സരത്തില്‍ ആഴ്സനലും പി.എസ്.വി ഐന്തോവനും 1-1 സമനില പാലിച്ചു. രണ്ട് ടീമുകളും നേരത്തെ നോക്കൗട്ട് ഉറപ്പാക്കിയിരുന്നു. എട്ട് മാറ്റങ്ങളുമായാണ് ആഴ്സനല്‍ ഇറങ്ങിയത്. പി.എസ്.വി ഈ സീസണില്‍ മിന്നും ഫോമിലാണ്. ഡച്ച് ലീഗില്‍ ആദ്യ 15 കളികളും അവര്‍ ജയിച്ചു. ഈ സീസണില്‍ അവരുടെ ഏക തോല്‍വി എവേ മത്സരത്തില്‍ ആഴ്സനലിനോടായിരുന്നു, അതും 0-4 ന്.
ആഴ്സനലിനെതിരെ നിരവധി അവസരങ്ങളാണ് ആദ്യ പകുതിയില്‍ അവര്‍ തുറന്നെടുത്തത്. യോര്‍ബെ വെര്ടസന്റെ ഹെഡര്‍ ആഴ്സനല്‍ ഗോളി ആരണ് റാംസ്ഡെയ്ലിനെ കീഴടക്കിയ ശേഷം പോസ്റ്റിനിടിച്ചു. അര മണിക്കൂര്‍ കഴിഞ്ഞു ആഴ്സനലിന് ആദ്യ അവസരം ഒരുക്കിയെടുക്കാന്‍. ഈജിപ്ഷ്യന്‍ ഡിഫന്റര്‍ മുഹമ്മദ് അല്നിനിയുടെ ഷോട്ട് പോസ്റ്റിനരികിലൂടെ മൂളിപ്പറന്നു. ഇടവേള കഴിഞ്ഞയുടനെ എഡ്ഡി എന്കേതിയയിലൂടെ ആഴ്സനല്‍ ലീഡ് നേടി. എന്നാല്‍ അഞ്ചു മിനിറ്റിനകം വെര്ടസനിലൂടെ പി.എസ്.വി ഗോള്‍ മടക്കി.
സെവിയയെ 2-1 ന് തോല്പിച്ച് മൂന്നാം സ്ഥാനത്തെത്തിയ ലെന്‍സ് യൂറോപ്പ ലീഗില്‍ തുടരും. സെവിയക്ക് രണ്ട് പോയന്റേയുള്ളൂ.






