യൂറോപ്പ് കാണാതെ യുനൈറ്റഡ് പുറത്ത്

മാഞ്ചസ്റ്റര്‍ - സ്വന്തം ഗ്രൗണ്ടില്‍ ബയേണ്‍ മ്യൂണിക്കിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റതോടെ യൂറോപ്പ ലീഗില്‍ പോലും സ്ഥാനമില്ലാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിന്ന് പുറത്തായി. ഈ സീസണിലെ 24 കളികളില്‍ പന്ത്രണ്ടും തോറ്റതോടെ കോച്ച് എറിക് ടെന്‍ ഹാഗിന്റെ ഭാവിയും തുലാസിലായി. ലീഗ് കപ്പ് അടിയറ വെച്ച അവര്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്താണ്. 
ചാമ്പ്യന്‍സ് ലീഗില്‍ നാലാം തവണയാണ് ഒരു ഇംഗ്ലിഷ് ക്ലബ്ബ് അവസാന സ്ഥാനത്താവുന്നത്. അഞ്ച് ജയവും ഒരു സമനിലയുമായി ബയേണും രണ്ട് ജയവും രണ്ട് സമനിലയുമായി കോപന്‍ഹാഗനും നോക്കൗട്ടിലേക്ക് മുന്നേറി. ഒരു ജയവും രണ്ട് സമനിലയും നേടിയ ഗലതസറായ് യൂറോപ്പ ലീഗില്‍ തുടരും. യുനൈറ്റഡിന് ആറ് കളിയില്‍ ഒരു ജയവും ഒരു സമനിലയും നാല് തോല്‍വികളുമാണ്. 
നേരത്തെ നോക്കൗട്ടിലെത്തിയ ബയേണ്‍ അനായാസം അവസാന മത്സരം ജയിച്ചു. താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പില്‍ ബയേണിനൊപ്പം യുനൈറ്റഡ് നോക്കൗട്ടിലെത്തുമെന്നാണ് കരുതിയത്. എന്നാല്‍ കോപന്‍ഹാഗനും ഗലതസറായ്ക്കുമെതിരായ കളികളില്‍ 11 ഗോള്‍ യുനൈറ്റഡ് വഴങ്ങി. രണ്ട് എവേ മത്സരങ്ങളിലും രണ്ട് ഗോള്‍ ലീഡ് കളഞ്ഞുകുളിച്ചു.
 

Latest News