കൊടുങ്കാറ്റായി റീസ, ആദ്യ ജയം ആതിഥേയര്‍ക്ക്

ഗകെബെര്‍ഹ - ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ ദക്ഷിണാഫ്രിക്കക്ക് അനായാസ ജയം. 19.3 ഓവറില്‍ ഇന്ത്യ ഏഴിന് 187 ലെത്തി നില്‍ക്കെ മഴ പെയ്തതിനാല്‍ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 15 ഓവറില്‍ 152 ആയി നിശ്ചയിച്ചിരുന്നു. ഏഴ് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ജയിച്ചു. 
ഓപണര്‍മാരായ റീസ ഹെന്‍ഡ്രിക്‌സും (27 പന്തില്‍ 49, 6-1, 4-8) മാത്യു ബ്രീറ്റ്‌സ്‌കെയും (7 പന്തില്‍ 16, 6-1, 4-1) ആദ്യ 16 പന്തില്‍ 42 റണ്‍സടിച്ച ശേഷം ക്യാപ്റ്റന്‍ അയ്ദന്‍ മാര്‍ക്‌റം (17 പന്തില്‍ 30, 6-1, 4-4) വിജയത്തിന് ചുക്കാന്‍ പിടിച്ചു. മാര്‍ക്‌റമും റീസയും ഹയ്ന്റിക് ക്ലാസനും (7) തുടരെ പുറത്തായതോടെ 9.2 ഓവറില്‍ നാലിന് 108 ലേക്ക് ദക്ഷിണാഫ്രിക്ക തകര്‍ന്നിരുന്നു. പക്ഷെ ചെറിയ ലക്ഷ്യം മറികടക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടായില്ല. ഇന്ത്യന്‍ ബൗളര്‍മാരിലാര്‍ക്കും റണ്ണൊഴുക്ക് നിയന്ത്രിക്കാനായില്ല. 
റീസക്ക് കഴിഞ്ഞ 12 ട്വന്റി20കളില്‍ എട്ടാമത്തെ അര്‍ധ ശതകമാണ് ഒരു റണ്ണിന് നഷ്ടപ്പെട്ടത്. ആദ്യ കളി മഴ കാരണം നഷ്ടപ്പെട്ടിരുന്നു. വ്യാഴാഴ്ചയാണ് അവസാന മത്സരം. 
തുടക്കവും ഒടുക്കവും പിഴച്ചെങ്കിലും ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ നേടി. റിങ്കു സിംഗ് ആഞ്ഞടിച്ചതോടെ സന്ദര്‍ശകര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. ഇന്ത്യന്‍ ഇന്നിംഗ്‌സ് തീരാന്‍ മൂന്ന് പന്ത് ശേഷിക്കെ മഴ കളി തടസ്സപ്പെടുത്തി. ഇരുപതാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ രവീന്ദ്ര ജദേജയെയും അര്‍ഷദീപ് സിംഗിനെയും പുറത്താക്കിയ ജെറാള്‍ഡ് കീറ്റ്‌സിക്ക് ഹാട്രിക്കിനുള്ള പന്ത് എറിയാനായില്ല.
റിങ്കുവിന് (39 പന്തില്‍ 68 നോട്ടൗട്ട്, 6-2, 4-9) പുറമെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അര്‍ധ ശതകം (36 പന്തില്‍ 56, 6-3, 4-5) നേടി. തിലക് വര്‍മയും (20 പന്തില്‍ 29) രവീന്ദ്ര ജദേജയും (14 പന്തില്‍ 19) മാത്രമേ ഇവരെ കൂടാതെ രണ്ടക്കത്തിലെത്തിയുള്ളൂ. യുവ കളിക്കാരായ യശസ്വി ജയ്‌സ്വാളും (0) ജിതേഷ് ശര്‍മയും (1) പരാജയപ്പെട്ടു. മഴ പൂര്‍ണമായി തടസ്സപ്പെടുത്തിയ ആദ്യ മത്സരത്തിനു ശേഷം ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. 
മാര്‍ക്കൊ യാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാമത്തെ പന്ത് യശസ്വി (0) കട്ട് ചെയ്തത് ബാക്‌വേഡ് പോയന്റില്‍ ഡേവിഡ് മില്ലറുടെ കൈയിലേക്കായിരുന്നു. ലിസാഡ് വില്യംസ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാനത്തെ പന്തില്‍ ശുഭ്മന്‍ ഗില്‍ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സൂര്യകുമാര്‍ യാദവും  റിങ്കു സിംഗുമാണ് നാലാം വിക്കറ്റിലെ 70 റണ്‍സോടെ ഇന്ത്യയെ കരകയറ്റിയത്. അവസാന ഓവറിലെ രണ്ടെണ്ണമുള്‍പ്പെടെ ജെറാള്‍ഡ് കീറ്റ്‌സി മൂന്നു വിക്കറ്റെടുത്തു (3.3-0-32-3). സ്പിന്നര്‍ തബ്‌രൈസ് ശംസി നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. 
 

Latest News