Sorry, you need to enable JavaScript to visit this website.

ഇത്തിഹാദിന് ആവേശജയം, മൂന്നു ഗോളിന് ഓക്‌ലാന്റിനെ മുക്കി

ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോളിൽ ഓക്‌ലാന്റിനെതിരെ ഗോൾ നേടിയ കരീം ബെൻസേമ സഹതാരത്തിനൊപ്പം ആഹ്ളാദം പങ്കിടുന്നു.

ജിദ്ദ- പലയിടങ്ങളിലായി പെയ്ത മഴയുടെ തണുപ്പിലായിരുന്നു ജിദ്ദയുടെ ഇന്നത്തെ വൈകുന്നേരം. എന്നാൽ ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം മഴയുടെ തണുപ്പ് മാറ്റി നഗരത്തെ ആരവങ്ങളിൽ മുക്കി. ക്ലബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയ രാജ്യത്തിന്റെ പ്രതിനിധികളായ ഇത്തിഹാദിന് വൻ വിജയം. ഓഷ്യാന ജേതാക്കളായ ഓക്‌ലന്റ് സിറ്റിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇത്തിഹാദ് തോൽപ്പിച്ചത്. ഗ്യാലറികളിൽ ഇളകി മറിഞ്ഞ ആരാധകർ നൽകിയ കരുത്ത് മൈതാനത്തെ ചടുലനൃത്തങ്ങളിൽ ഇത്തിഹാദ് വിജയതീരത്തെത്തിച്ചു. മോശം ഫോമിലാണെന്ന പ്രചാരണങ്ങളെ ഇത്തിഹാദ് മിന്നും പ്രകടനങ്ങളാൽ മറികടന്നു. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ഇത്തിഹാദ് മൂന്നു ഗോളിന് മുന്നിലെത്തി. തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് ഇത്തിഹാദ് പുറത്തെടുത്തത്. 

മത്സരത്തിന്റെ ഇരുപത്തിയെട്ടാം മിനിറ്റിൽ റൊമാരിഞ്ഞോയാണ് ആദ്യ ഗോൾ നേടിയത്. റൊമാരിഞ്ഞോ ബോക്‌സിന് പുറത്തുനിന്ന് തൊടുത്തുവിട്ട പന്ത് കരീം ബെൻസേമയെ ചാരി ഗോൾ വലയിൽ ഉമ്മ വെച്ചു. സക്കറിയ അൽ ഹവ്‌സാവി ബോക്‌സിന്റെ അരികിൽനിന്ന് നൽകിയ പന്ത് റൊമാരിഞ്ഞോ രണ്ടാമതൊന്ന് ആലോചിക്കാതെ പോസ്റ്റിന്റെ ഇടതുവശത്തേക്ക് ചെത്തിയിട്ടു. ബോക്‌സിനകത്തുണ്ടായിരുന്ന കരീം ബെൻസേമ പന്തിനുള്ള വഴിയൊരുക്കി കൊടുത്തു. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ആരാധകർ ആർപ്പുവിളികളാൽ ഗോളിനെ എതിരേറ്റു. ഒന്നാമത്തെ ഗോളിന്റെ ആവേശം അവസാനിക്കുന്നതിന് മുമ്പു തന്നെ ഇത്തിഹാദ് രണ്ടാം ഗോൾ നേടി. ഇത്തവണ കാന്റോയാണ് ഗോൾ നേടിയത്. റീബൗണ്ട് വഴി ലഭിച്ച പന്ത് അവിശ്വസനീയമായ വേഗതയോടെ കാന്റെ ഗോൾകീപ്പറെ തോൽപ്പിച്ച് വലയിൽ കയറ്റി. ഇതിനിടയിൽ ഇത്തിഹാദിന്റെ പ്രതിരോധത്തിലെ വിടവ് മുതലാക്കാൻ ഓക്‌ലന്റ് ശ്രമിച്ചെങ്കിലും മുതലാക്കാനായില്ല. മുപ്പത്തിയെട്ടാമത്തെ മിനിറ്റിൽ കരീം ബെൻസേമ ഗോൾ നേടി. മുഹന്നദ് നൽകിയ പന്ത് കൃത്യമായ ഷോട്ടിലൂടെ പോസ്റ്റിന്റെ ഇടതുവശത്തേക്ക് പായിക്കുകയായിരുന്നു. ആദ്യപകുതി തീരുമ്പോൾ ഏകപക്ഷീയമായ മൂന്നു ഗോളിന് ഇത്തിഹാദ് മുന്നിലെത്തി. രണ്ടാം പകുതിയിലും ഇത്തിഹാദ് നിറഞ്ഞു കളിച്ചെങ്കിലും ഗോളുകൾ പിറന്നില്ല. 

Latest News