ഐ.പി.എല്‍ ലേലത്തിലെ ബേബി അല്ലാഹ് ഗസന്‍ഫര്‍

മുംബൈ - ഈ മാസം 19 ന് ദുബായില്‍ നടക്കുന്ന ഐ.പി.എല്‍ മിനി ലേലത്തിന് 333 കളിക്കാര്‍. രജിസ്റ്റര്‍ ചെയ്ത 1166 കളിക്കാരില്‍ നിന്നാണ് ഫ്രാഞ്ചൈസികളുടെ താല്‍പര്യം കൂടി പരിഗണിച്ച് ഇത്രയും പേരുടെ പട്ടിക തയാറാക്കിയത്. 333 പേരില്‍ 119 പേര്‍ വിദേശ കളിക്കാരാണ്. അതില്‍ പോള്‍ വാന്‍ മീക്കറേനും (നെതര്‍ലാന്റ്‌സ്) ഡേവിഡ് വീസും (നമീബിയ) അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നാണ്. 
ലോകകപ്പ് ചാമ്പ്യന്മാരായ ട്രാവിസ് ഹെഡ്, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് ഉള്‍പ്പെടെ കളിക്കാരാണ് രണ്ട് കോടി രൂപയുടെ അടിസ്ഥാന വിലയുള്ള ഒന്നാം കാറ്റഗറിയിലുള്ളത്. എന്നാല്‍ ന്യൂസിലാന്റിന്റെ ലോകകപ്പ് ഹീറോ രചിന്‍ രവീന്ദ്ര തന്റെ അടിസ്ഥാന വില നിശ്ചയിച്ചത് 50 ലക്ഷം രൂപ മാത്രം. 
വിവിധ ഫ്രാഞ്ചൈസികള്‍ കൈയൊഴിഞ്ഞ ശാര്‍ദുല്‍ താക്കൂര്‍, ഹര്‍ഷല്‍ പട്ടേല്‍, മനീഷ് പാണ്ഡെ, ഉമേഷ് യാദവ് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ താരങ്ങളും ലേലത്തിനുണ്ട്. കഴിഞ്ഞ തവണ പൊരിഞ്ഞ ലേലത്തിനു ശേഷം 13.25 കോടി രൂപക്ക് ഹൈദരാബാദ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കും ഇത്തവണ ലേലത്തില്‍ പങ്കെടുക്കും. 11 കളികളില്‍ ഒരു സെഞ്ചുറിയും മൊത്തം 190 റണ്‍സും നേടിയ ബ്രൂക്കിനെ ഹൈദരാബാദ് റിലീസ് ചെയ്യുകയായിരുന്നു. 
ഹെഡ് ആറു വര്‍ഷം മുമ്പാണ് അവസാനം ഐ.പി.എല്ലില്‍ കളിച്ചത്. ഹെഡിനും ലോകകപ്പില്‍ തിളങ്ങിയ അസ്മതുല്ല ഉമര്‍സായിക്കും വേണ്ടി ടീമുകള്‍ പോരാടാന്‍ സാധ്യതയുണ്ട്. പട്ടികയിലെ പ്രായം കുറഞ്ഞ താരം 16 വയസ്സുള്ള അഫ്ഗാന്‍ സ്പിന്നര്‍ അല്ലാഹ് ഗസന്‍ഫറാണ്. പ്രായമേറിയ താരം അഫ്ഗാന്റെ തന്നെ മുപ്പത്തൊമ്പതുകാരന്‍ മുഹമ്മദ് നബിയും. 
 

Latest News