രണ്ടു വര്‍ഷത്തിനു ശേഷം റിഷഭ് തിരിച്ചുവരുന്നു, നായകനായി

ന്യൂദല്‍ഹി - അടുത്ത ഐ.പി.എല്ലില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ദല്‍ഹി കാപിറ്റല്‍സിന്റെ നായകനായി തിരിച്ചെത്തുമെന്ന് സൂചന. 2022 ഡിസംബറില്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭ് കായികക്ഷമത നേടിവരികയാണ്. ഫെബ്രുവരിയോടെ പൂര്‍ണ ഫിറ്റ്‌നസ് നേടുമെന്നാണ് റിപ്പോര്‍ട്ട്. വിക്കറ്റ്കീപ്പിംഗ് ചുമതല നിര്‍വഹിക്കുമോയെന്ന് വ്യക്തമല്ല. കൊല്‍ക്കത്തയില്‍ കഴിഞ്ഞ മാസം നടന്ന ദല്‍ഹിയുടെ ക്യാമ്പില്‍ റിഷഭ് പങ്കെടുത്തിരുന്നു. 19 ന് ദുബായില്‍ നടക്കുന്ന ലേലത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച ചര്‍ച്ചകളിലും സജീവമായിരുന്നു. 
കാറപകടത്തില്‍ വലതുകാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പലതവണ ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ബംഗളൂരുവിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍പരിചരണത്തിലായിരുന്നു. റിഷഭിന്റെ ചികിത്സയില്‍ വലിയ പുരോഗതിയുണ്ടെന്ന് ജൂലൈയില്‍ ബി.സി.സി.ഐ പ്രസ്താവിച്ചു. 2022 ലെ ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിലാണ് റിഷഭ് അവസാനം കളിച്ചത്. കഴിഞ്ഞ സീസണിലെ ഐ.പി.എല്ലില്‍ ഡേവിഡ് വാണറുടെ നേതൃത്വത്തില്‍ വാലറ്റത്തായിരുന്നു ദല്‍ഹി കാപിറ്റല്‍സ്.
 

Latest News