റഫറിയെ തല്ലിവീഴ്ത്തി ക്ലബ്ബ് പ്രസിഡന്റ്, മുഖത്ത് തുപ്പാനാണ് ശ്രമിച്ചതെന്ന് കോടതിയില്‍

ആങ്കറ - തുര്‍ക്കി സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിനൊടുവില്‍ മുന്‍നിര ക്ലബ്ബിന്റെ പ്രസിഡന്റ് റഫറിയെ മുഖത്തിടിച്ച് നിലത്തിട്ടു. തുടര്‍ന്ന് ലീഗിലെ എല്ലാ മത്സരങ്ങളും നിര്‍ത്തിവെച്ചു. റഫറിയെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത അങ്കരാഗുസു ക്ലബ്ബിന്റെ പ്രസിഡന്റ് ഫറൂഖ് കോസയെയും മറ്റു രണ്ടു പേരെയും പിന്നീട് അറസ്റ്റ് ചെയ്തു. റിസേസ്‌പോറിനെതിരായ അങ്കരാഗുസുവിന്റെ ഹോം മത്സരത്തിനൊടുവിലാണ് റഫറി ഹലീല്‍ ഉമുത് മെലെറെ കോസ ഇടിച്ചിട്ടത്. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അക് പാര്‍ടിയുടെ പ്രതിനിധിയായി രണ്ടു തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് കോസ. തുര്‍ക്കി സ്‌പോര്‍ട്‌സില്‍ അക്രമം അനുവദിക്കില്ലെന്ന് ഉര്‍ദുഗാന്‍ ട്വീറ്റ് ചെയ്തു. 
ഇടതു കണ്ണിന് താഴെയാണ് കോസ ഇടിച്ചതെന്നും വീണപ്പോള്‍ മറ്റു പലരും ചവിട്ടിയെന്നും ഹലീല്‍ വെളിപ്പെടുത്തി. തന്നെയും സഹറഫറിമാരെയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും അദ്ദേഹം പറഞ്ഞു. അക്രമാസക്തരായ അങ്കരാഗുസു ആരാധകരില്‍ നിന്ന് രക്ഷിച്ച് റഫറിയെ ഡ്രസ്സിംഗ് റൂമിലെത്തിച്ചത് പോലീസാണ്. തീര്‍ത്തും അസ്വീകാര്യമായ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് ഫിഫ പ്രതികരിച്ചു. യുവേഫയും അപലപിച്ചു. 
റഫറി തെറ്റായ തീരുമാനമെടുക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തുവെന്നും ഇതിനെതിരെ പ്രതിഷേധിക്കാനും മുഖത്ത് തുപ്പാനുമാണ് ശ്രമിച്ചതെന്നും കോസ കോടതിയില്‍ പറഞ്ഞു.  
97ാം മിനിറ്റില്‍ റിസേസ്‌പോര്‍ സ്‌കോര്‍ ചെയ്യുകയും കളി 1-1 സമനിലയില്‍ അവസാനിക്കുകയും ചെയ്ത ശേഷമാണ് കോസ ഗ്രൗണ്ടില്‍ പ്രവേശിച്ചത്. വീര്‍ത്തുതടിച്ച മുഖവും കഴുത്തിന് കവചവുമായി റഫറി ആശുപത്രിയിലാണ്. പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. 
മുപ്പത്തേഴുകാരനായ ഹലീല്‍ 2017 മുതല്‍ ഫിഫ റഫറിയാണ്. ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാഴ്ച മുമ്പ് നടന്ന ലാസിയൊ-സെല്‍റ്റിക് മത്സരമുള്‍പ്പെടെ നിരവധി പ്രധാന മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. അങ്കരാഗുസു തുര്‍ക്കി സൂപ്പര്‍ലീഗില്‍ 11ാം സ്ഥാനത്താണ്. റിസേസ്‌പോര്‍ മൂന്നു സ്ഥാനം മുന്നിലും.

Latest News