ന്യൂദല്‍ഹി - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനുള്ള ഇന്ത്യയുടെ അമ്പതംഗ സാധ്യതാ ടീമിനെ കോച്ച് ഇഗോര്‍ സ്റ്റിമാക് പ്രഖ്യാപിച്ചു. സഹല്‍ അബ്ദുല്‍സമദും കെ.പി രാഹുലും മാത്രമാണ് ടീമില്‍ സ്ഥാനം പിടിച്ച മലയാളികള്‍. അഞ്ച് ഗോള്‍കീപ്പര്‍മാരും 15 വീതം ഡിഫന്റര്‍മാരും മിഡ്ഫീല്‍ഡര്‍മാരും ഫോര്‍വേഡുകളുമടങ്ങുന്നതാണ് ടീം.
ടൂര്‍ണമെന്റിന് മുന്നോടിയായി ഈ മാസം 30 മുതല്‍ ദോഹയില്‍ ഇന്ത്യന്‍ ടീമിന്റെ രണ്ടാഴ്ച നീളുന്ന ക്യാമ്പ് സംഘടിപ്പിക്കും. ഖത്തറില്‍ ജനുവരിയിലാണ് ഏഷ്യന്‍ കപ്പ്. ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും സിറിയയുമടങ്ങുന്ന ഗ്രൂപ്പ് ബി-യിലാണ് ഇന്ത്യ. മികച്ച മൂന്നാം സ്ഥാനക്കാര്‍ക്കും പ്രി ക്വാര്‍ട്ടറിലെത്താമെന്നിരിക്കെ ഒരു ജയമെങ്കിലും നേടാനായിരിക്കും ഇന്ത്യ ശ്രമിക്കുക. ജനുവരി 13 ന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
മൂന്നാം ഏഷ്യന്‍ കപ്പ് കളിക്കുന്ന സുനില്‍ ഛേത്രിയാണ് ടീമിലെ ഏറ്റവും സീനിയര്‍. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു, ഡിഫന്റര്‍ സന്ദേശ് ജിംഗന്‍ എന്നിവരും പരിചയസമ്പന്നരാണ്. മുന്‍ ഇറാന്‍ ഫുട്‌ബോളര്‍ ജംഷദ് നസീരിയുടെ പുത്രന്‍ കിയാന്‍ നസീരി, ബംഗളൂരു എഫ്.സിയുടെ കുന്തമുന ശിവശക്തി നാരായണ്‍, കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ഇശാന്‍ പണ്ഡിറ്റ എന്നിവര്‍ സാധ്യതാ ടീമിലുണ്ട്.






