മാരക്കേഷ് - മൊറോക്കോയുടെയും പി.എസ്.ജിയുടെയും റൈറ്റ്ബാക്ക് അശ്‌റഫ് ഹകീമിയെയും ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ വിംഗര്‍ മുഹമ്മദ് സലാഹിനെയും പിന്തള്ളി നാപ്പോളിയുടെ നൈജീരിയന്‍ ഫോര്‍വേഡ് വിക്ടര്‍ ഒസിംഹന്‍ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായി. ബാഴ്‌സലോണ ഫോര്‍വേഡ് അസീസത് ഒഷോല റേക്കോര്‍ഡായ ആറാം തവണ മികച്ച വനിതാ ഫുട്‌ബോളറായി.
കഴിഞ്ഞ സീസണില്‍ നാപ്പോളിയെ ഇറ്റാലിയന്‍ ലീഗ് കിരീടത്തിലേക്ക് നയിച്ചതാണ് ഒസിംഹനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 33 വര്‍ഷം മുമ്പ് ഡിയേഗൊ മറഡോണ കളിച്ചപ്പോഴാണ് അവസാനം നാപ്പോളി ചാമ്പ്യന്മാരായത്. കഴിഞ്ഞ വര്‍ഷം ക്ലബ്ബിനുവേണ്ടി ഇരുപത്തിനാലുകാരന്‍ 31 ഗോളടിച്ചു. 2015 ല്‍ ചിലിയില്‍ നടന്ന അണ്ടര്‍-17 ലോകകപ്പിലാണ് ഒസിംഹന്‍ ലോക ശ്രദ്ധയിലേക്ക് വന്നത്.
അല്‍ഹിലാലിന്റെ മൊറോക്കന്‍ താരം യാസീന്‍ ബൂനുവാണ് മികച്ച ഗോള്‍കീപ്പര്‍. മൊറോക്കോയുടെ വലീദ് റഖ്‌റഖി മികച്ച കോച്ചായി. മൊറോക്കൊ കഴിഞ്ഞ ലോകകപ്പില്‍ സെമിഫൈനലിലെത്തിയിരുന്നു.






