മോണകൊ - ട്രാക്ക് ആന്റ് ഫീല്‍ഡിലെ ഈ വര്‍ഷത്തെ മികച്ച കായികതാരങ്ങളായി ആറു പേരെ വേള്‍ഡ് അത്ലറ്റിക്സ് തെരഞ്ഞെടുത്തു. വനിതാ വിഭാഗത്തില്‍ ട്രാക്ക് താരമായി ഫെയ്ത് കിപ്യെയോണ് (കെനിയ-മധ്യ, ദീര്‍ഘദൂര ഓട്ടം), ഫീല്‍ഡ് ഇനങ്ങളില്‍ യൂലിമര്‍ റോഹാസ് (വെനിസ്വേല-ട്രിപ്പിള്‍ജമ്പ്), പുറം സ്റ്റേഡിയം ഇനങ്ങളില്‍ ടിഗിസ്റ്റ് അസഫ (എത്യോപ്യ-മാരത്തണ്‍) എന്നിവര്‍ക്കാണ് ബഹുമതി. പുരുഷ വിഭാഗത്തില്‍ ട്രാക്ക് താരമായി നോഹ് ലൈല്‍സ് (അമേരിക്ക-സ്പ്രിന്റ്), ഫീല്‍ഡ് ഇനങ്ങളില്‍ മോണ്ടൊ ഡുപ്ലാന്റിസ് (സ്വീഡന്-പോള്‍വോള്‍ട്), പുറം സ്റ്റേഡിയം ഇനങ്ങളില്‍ കെല്‍വിന്‍ കിപ്തും (കെനിയ-മാരത്തണ്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ട്രാക്ക് അത്ലറ്റ് ഓഫ് ദ ഇയറിനുള്ള അവസാന അഞ്ചു പേരുടെ പട്ടികയില്‍ ഇന്ത്യയുടെ ഒളിംപിക്, ലോക ചാമ്പ്യന്‍ നിരജ് ചോപ്രയും ഉണ്ടായിരുന്നു.
ഈ വര്‍ഷം 23 ലോക റെക്കോര്‍ഡുകളുണ്ടായി. അസീഫ, ഡുപ്ലാന്റിസ്, കിപ്തും, കിപ്യേഗോണ്‍ എന്നിവര്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചവരുടെ പട്ടികയിലുണ്ട്. ഇരുപത്തേഴുകാരി അസീഫ ബെര്‍ലിന്‍ മാരത്തണില്‍ ലോക റെക്കോര് രണ്ടു മിനിറ്റിലേറെ വ്യത്യാസത്തില്‍ മെച്ചപ്പെടുത്തിയതാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനം. 40 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമായാണ് അത് വിലയിരുത്തപ്പെട്ടത്. തൊട്ടടുത്ത എതിരാളിയെക്കാള്‍ ആറ് മിനിറ്റിലേറെ വ്യത്യാസത്തില്‍ അസീഫ ഫിനിഷ് ചെയ്തു. ആദ്യ പകുതി പിന്നിട്ടതിനെക്കാള്‍ വേഗത്തിലാണ് രണ്ടാം പകുതിയില്‍ ഓടിയത്.
ഒരു വര്‍ഷം മുമ്പ് മാത്രം മാരത്തണില്‍ അരങ്ങേറിയ കിപ്തുമിന്റെ പേരിലാണ് ഇപ്പോള്‍ ഏഴ് വേഗമേറിയ ഓട്ടങ്ങളില്‍ മൂന്നും. ഡുപ്ലാന്റിസ് പോള്‍വോള്‍ടില്‍ ഔട്ട്ഡോര്‍, ഇന്‍ഡോര്‍ ലോക റെക്കോര്‍ഡുകള്‍ മെച്ചപ്പെടുത്തി. കിപ്യെയോണ് മൂന്ന് ഇനങ്ങളിലാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ലോക ചാമ്പ്യന്‍ ഗോള്‍ഡന്‍ ഡബ്ള്‍ നേടി. ലൈല്‍സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് സ്വര്‍ണത്തിനുടമയായി. റോഹാസ് നാലാം തവണ ലോക ചാമ്പ്യനാവുകയും തുടര്‍ച്ചയായ മൂന്നാം തവണ ഡയമണ്ട് ലീഗ് ട്രോഫി നേടുകയും ചെയ്തു.
കെനിയന്‍ ടീനേജര്‍മാരായ ഫെയ്ത് ചെറോടിച്ചും (സ്റ്റീപ്പിള്‍ചെയ്സ്) ഇമ്മാനുവല്‍ വനിയോനിയും (800 മീ.)) ഭാവിവാഗ്ദാനങ്ങളായി തെരഞ്ഞെടുക്കപ്പട്ടു.






