റൊണാള്‍ഡൊ-മെസ്സി പോരാട്ടത്തിന് തിയ്യതിയായി

റിയാദ് - റിയാദ് സീസണ്‍ കപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുമെന്ന് ഇന്റര്‍ മയാമി പ്രഖ്യാപിച്ചതോടെ ലിയണല്‍ മെസ്സി-ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ പോരാട്ടത്തിന് സൗദി അറേബ്യയില്‍ അരങ്ങൊരുങ്ങി. നവംബര്‍ 21 ന് ഇക്കാര്യം സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്ഥിരീകരണമായിട്ടില്ലെന്നാണ് ഇന്റര്‍ മയാമി പ്രതികരിച്ചത്. ഇന്റര്‍ മയാമി സൗദി ക്ലബ്ബുകളായ നെയ്മാറിന്റെ അല്‍ഹിലാലുമായും റൊണാള്‍ഡോയുടെ അന്നസ്‌റുമായുമായാണ് സൗദിയില്‍ കളിക്കുക. അല്‍ഹിലാലുമായുള്ള മത്സരം ജനുവരി 29 നും അന്നസ്‌റുമായി ഫെബ്രുവരി ഒന്നിനും ഏറ്റുമുട്ടും. സൗദി ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ഹിലാലും നസ്‌റും. റൊണാള്‍ഡോയാണ് ലീഗിലെ ടോപ്‌സ്‌കോറര്‍. 
ഹിലാലിനെയും നസ്‌റിനെയും പോലെ ഉന്നത നിലവാരമുള്ള ടീമുകളുമായി കളിക്കാന്‍ അവസരം കിട്ടുന്നത് ഇന്റര്‍ മയാമിയുടെ കരുത്ത് പരിശോധിക്കാന്‍ സഹായിക്കുമെന്ന സ്‌പോര്‍ടിംഗ് ഡയരക്ടര്‍ ക്രിസ് ഹെന്‍ഡേഴ്‌സന്‍ അഭിപ്രായപ്പെട്ടു. 
ക്ലബ്ബിനും രാജ്യത്തിനുമായുള്ള പോരാട്ടങ്ങളില്‍ മെസ്സിയും റൊണാള്‍ഡോയും 35 തവണ മുഖാമുഖം വന്നിട്ടുണ്ട്. മെസ്സിയുടെ ടീം 16 തവണയും റൊണാള്‍ഡോയുടെ ടീം 10 തവണയും ജയിച്ചു. ഒമ്പത് കളികള്‍ സമനിലയായി. ഈ കളികളില്‍ മെസ്സി 21 ഗോളടിക്കുകയും 12 ഗോളിന് അവസരമൊരുക്കുകയും ചെയ്തു. 20 ഗോളും ഒരു അസിസ്റ്റുമാണ് റൊണാള്‍ഡോയുടെ റെക്കോര്‍ഡ്. 
മെസ്സി നേരത്തെ സൗദി ടൂറിസത്തിന്റെ അംബാസഡറായിരുന്നു. ഇതിന്റെ ഭാഗമായി സൗദി സന്ദര്‍ശിക്കാന്‍ അനുമതി ചോദിക്കാതിരുന്നതാണ് പി.എസ്.ജിയുമായുള്ള വേര്‍പിരിയലിന് അവസാന കാരണമായത്. ഈ വര്‍ഷമാദ്യം നടന്ന റിയാദ് സീസണ്‍ കപ്പില്‍ പി.എസ്.ജിയുടെ ഭാഗമായി മെസ്സി കളിച്ചിരുന്നു. മെസ്സി പി.എസ്.ജി വിട്ടപ്പോള്‍ അല്‍ഹിലാലിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടന്നിരുന്നു. സൗദിയുടെ ഓഫര്‍ മോഹിപ്പിച്ചിരുന്നുവെന്ന മെസ്സി കഴിഞ്ഞ ദിവസം പറയുകയും ചെയ്തിരുന്നു. 
ഇന്റര്‍ മയാമിയുടെ നാല് പ്രി സീസണ്‍ മത്സരങ്ങള്‍ കളിക്കുന്നതിന്റെ ഭാഗമായാണ് സൗദിയിലെത്തുക. ജനുവരി 19 ന് എല്‍സാല്‍വഡോര്‍ ദേശീയ ടീമിനെയും ഫെബ്രുവരി നാലിന് ഹോങ്കോംഗ് ഇലവനെയും അവര്‍ നേരിടും. ഫെബ്രുവരി അവസാനമാണ് മേജര്‍ ലീഗ് സോക്കര്‍ സീസണ്‍ ആരംഭിക്കുന്നത്.
 

Latest News