ബാഴ്‌സയല്ല, ഇനി ജിരോണ; സിറ്റിയുടെ സ്പാനിഷ് വണ്ടർ

മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ ഏറ്റവും മികച്ച ടീം ഏതെന്ന് സംശയിക്കുന്നവര്‍ക്ക് ഉത്തരം നല്‍കി ജിരോണ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചു. കാറ്റലന്‍ മേഖലയിലെ ഏറ്റവും മികച്ച ടീം ഏതെന്ന് സംശയിക്കുന്നവര്‍ക്ക് ബാഴ്‌സലോണയെ 4-2 ന് തകര്‍ത്ത് അവര്‍ മറ്റൊരു മറുപടി നല്‍കി. ബാഴ്‌സലോണയിലെ ടീമുകളുടെ പോരാട്ടത്തില്‍ ചാമ്പ്യന്മാരെ വകവരുത്തിയതോടെ തങ്ങളുടെ മുന്നേറ്റം ഭാഗ്യത്തിന്റെ അകമ്പടിയോടെയല്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. 16 റൗണ്ട് പിന്നിട്ടപ്പോള്‍ റയലിനെക്കാള്‍ രണ്ട് പോയന്റ് മുന്നിലാണ് അവര്‍. അത്‌ലറ്റിക്കൊ മഡ്രീഡ്, ബാഴ്‌സലോണ ടീമുകളെക്കാള്‍ ഏഴ് പോയന്റ് മുന്നിലും. 
ഉക്രൈന്‍ ഫോര്‍വേഡുകളായ ആര്‍തെം ദോവ്ബിക്കും വിക്ടര്‍ സിഗാന്‍കോവും ചേര്‍ന്നാണ് ആദ്യ ഗോളടിച്ചത്. മിഗ്വേല്‍ ഗൂട്ടിറേസ്, വലേറി ഫെര്‍ണാണ്ടസ്, ക്രിസ്റ്റ്യന്‍ സ്റ്റുവാനി എന്നിവര്‍ ഓരോ ഗോള്‍ നേടി. റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയും ഇല്‍കേ ഗുണ്ടോഗനും സ്‌കോര്‍ ചെയ്‌തെങ്കിലും ചാമ്പ്യന്മാര്‍ ഈ സീസണിലെ രണ്ടാമത്തെ തോല്‍വി സമ്മതിച്ചു. ഇതിനു മുമ്പ് ജിരോണയുമായി ലീഗില്‍ ആറു മത്സരം കളിച്ചപ്പോഴും ബാഴ്‌സലോണ തോറ്റിട്ടില്ല. എന്നാല്‍ ഇത്തവണ ഒപ്പത്തിനൊപ്പം തലയെടുപ്പോടെ പൊരുതാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഉടമസ്ഥതയിലുള്ള ജിരോണക്ക് സാധിച്ചു. ഈ സീസണില്‍ റയലിനോട് മാത്രമേ അവര്‍ തോറ്റിട്ടുള്ളൂ, സെപ്റ്റംബറില്‍. 
ഗാലറിയില്‍ ഒരാള്‍ മരണപ്പെട്ടതോടെ ഗ്രനാഡയും അത്‌ലറ്റിക് ബില്‍ബാവോയും തമ്മിലുള്ള മത്സരം നിര്‍ത്തിവെച്ചു. 16 വര്‍ഷമായി ഗ്രനാഡയുടെ സീസണ്‍ ടിക്കറ്റ് ഉള്ളയാളാണ് മരണപ്പെട്ടത്. 

Latest News