കേരളം 67 ഓളൗട്ട്, കഥ കഴിച്ച് രാജസ്ഥാന്‍

രാജ്‌കോട് - വിജയ്ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇതുവരെ മനോഹരമായി മുന്നേറിയ കേരളം ക്വാര്‍ട്ടര്‍ഫൈനലില്‍ രാജസ്ഥാന് മുന്നില്‍ നാണംകെട്ടു. രാജസ്ഥാന്റെ എട്ടിന് 267 പിന്തുടര്‍ന്ന കേരളം 21 ഓവറില്‍ 67 ന് ഓളൗട്ടായി. 200 റണ്‍സിന്റെ വിജയത്തോടെ രാജസ്ഥാന്‍ സെമിഫൈനലില്‍ സ്ഥാനം പിടിച്ചു. ഹരിയാന, തമിഴ്‌നാട് , കര്‍ണാടക ടീമുകളും ഫൈനലിലെത്തി. സെമിയില്‍ ഹരിയാന തമിഴ്‌നാടിനെയും രാജസ്ഥാന്‍ കര്‍ണാടകയെയും നേരിടും. 
ഇരുപത്തൊമ്പതാം ഓവറില്‍ നാലിന് 108 ലേക്ക് ഇഴഞ്ഞെത്തിയ ശേഷം മഹിപാല്‍ ലംറോറും (114 പന്തില്‍ 122 നോ്ട്ടൗട്ട്) കുനാല്‍ സിംഗ് റാത്തോഡുമാണ് (52 പന്തില്‍ 66) രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അഖിന്‍ സത്താറും (3-62) ബെയ്‌സില്‍ തമ്പിയും (2-57) അഞ്ചു വിക്കറ്റ് പങ്കുവെച്ചു. 
പ്രി ക്വാര്‍ട്ടറില്‍ സെഞ്ചുറിയടിച്ച ഓപണര്‍മാരായ കൃഷ്ണപ്രസാദിനെയും (7) ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിനെയും (11) കേരളത്തിന് എളുപ്പം നഷ്ടപ്പെട്ടു. വിക്കറ്റ്കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീനും (3) പിടിച്ചുനില്‍ക്കാനായില്ല. പിന്നീട് സചിന്‍ ബേബി (28) ഒരറ്റത്ത് പൊരുതിയെങ്കിലും വിഷ്ണുവിനോദ് (0), ശ്രേയസ് ഗോപാല്‍ (0), അബ്ദുല്‍ ബാസിത് (1), അഖില്‍ സ്‌കറിയ (1), വൈശാഖ് ചന്ദ്രന്‍ (0), ബെയ്‌സില്‍ തമ്പി (5) എന്നിവര്‍ ക്രീസ് സന്ദര്‍ശിച്ച് മടങ്ങി. അനികേത് ചൗധരിയും (7-1-26-4) അറഫാത്ത് ഖാനും (7-0-20-3) ഖലീല്‍ അഹമ്മദുമാണ് (7-0-15-3) എന്നിവര്‍ ഒന്നിനൊന്ന് മികച്ച ബൗളിംഗോടെ കേരളാ ബാറ്റിംഗ് നിര കീറിമുറിച്ചു. 
യുസവേന്ദ്ര ചഹല്‍ നാലു വിക്കറ്റെടുത്തതോടെ ഹരിയാന നാലു വിക്കറ്റിന് ബംഗാളിനെ കീഴടക്കി. സ്‌കോര്‍: ബംഗാള്‍ 225 (അനുസ്തൂപ് മജുംദാര്‍ 100), ഹരിയാന 45.1 ഓവറില്‍ ആറിന് 226 (അങ്കിത് കുമാര്‍ 102). കര്‍ണാടക ഏഴു വിക്കറ്റിന് വിദര്‍ഭയെ തോല്‍പിച്ചു. സ്‌കോര്‍: വിദര്‍ഭ 173, വിജയ്കുമാര്‍ വൈശാഖ് 4-44), കര്‍ണാടക 40.3 ഓവറില്‍ മൂന്നിന് 177 (രവികുമാര്‍ സമര്‍ഥ് 72 നോട്ടൗട്ട്, മായാങ്ക് അഗര്‍വാള്‍ 51). മുംബൈയെ തമിഴ്‌നാട് ഏഴു വിക്കറ്റിന് തോല്‍പിച്ചു. സ്‌കോര്‍: മുംബൈ 227, തമിഴ്‌നാട് 43.2 ഓവറില്‍ മൂന്നിന് 229 (ബാബ ഇന്ദ്രജിത് 103 നോട്ടൗട്ട്).

Latest News