അല്‍ഇത്തിഹാദ് x ഓക്ലന്റ് സിറ്റി
ജിദ്ദ, നാളെ രാത്രി 9.00
ജിദ്ദ - ഇപ്പോഴത്തെ രൂപത്തിലുള്ള അവസാന ക്ലബ്ബ് ലോകകപ്പ് ഫുട്ബോളിന് ജിദ്ദയില്‍ നാളെ പന്തുരുളും. ആതിഥേയരായ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് ആദ്യ മത്സരത്തിനിറങ്ങും. ഓഷ്യാന ചാമ്പ്യന്മാരായ ന്യൂസിലാന്റിലെ ഓക്ലന്റ് സിറ്റിയെയാണ് ഉദ്ഘാടന മത്സരത്തില്‍ കരീം ബെന്‍സീമയുടെ ടീം നേരിടുക. കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
ക്ലബ്ബ് ലോകകപ്പിന്റെ ഇരുപതാമത് എഡിഷനാണ് ഇത്. ഏഴ് ടീമുകള്‍ പങ്കെടുക്കുന്ന അവസാന ടൂര്‍ണമെന്റും. 2025 ല്‍ 32 ടീമുകളുമായി അമേരിക്കയില്‍ വിപുലമായ ക്ലബ്ബ് ലോകകപ്പിന് അരങ്ങൊരുങ്ങുകയാണ്. സൗദി അറേബ്യക്കാവട്ടെ ഏഷ്യന്‍ കപ്പിനും ലോകകപ്പിനും മുന്നോടിയായി ഒരുക്കങ്ങള്‍ പരീക്ഷിക്കാനുള്ള അവസരം കൂടിയാണ് ഇത്. 22 നാണ് ഫൈനല്‍.
മൂന്ന് ടീമുകള്‍ ഇത്തവണ ക്ലബ്ബ് ലോകകപ്പില്‍ അരങ്ങേറുന്നു. യൂറോപ്യന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും (ഇംഗ്ലണ്ട്) ലാറ്റിനമേരിക്കയിലെ കോപ ലിബര്‍ടഡോറസ് ചാമ്പ്യന്മാരായ ഫഌമിനന്സും (ബ്രസീല്‍) കോണ്‍കകാഫ് ജേതാക്കളായ ക്ലബ്ബ് ലിയോണും (മെക്സിക്കൊ). പ്രധാന കളികളെല്ലാം കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ്. ലൂസേഴ്സ് ഫൈനലുള്‍പ്പെടെ രണ്ടു കളികള്‍ പ്രിന്‍സ് അബ്ദുല്ല അല്‍ഫൈസല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും.
ക്ലബ്ബ് ലോകകപ്പില്‍ 15 തവണയും യൂറോപ്യന്‍ ടീമുകളാണ് കിരീടം നേടിയത്. നാലു തവണ ലാറ്റിനമേരിക്കന്‍ ടീമുകള്‍ ജേതാക്കളായി. ആദ്യ എഡിഷനിലൊഴികെ 18 തവണയും യൂറോപ്യന്‍ ക്ലബ്ബുകള്‍ ഫൈനലിലെത്തി. ആദ്യ എഡിഷനില്‍ റയല്‍ മഡ്രീഡ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. 14 തവണ ലാറ്റിനമേരിക്കന്‍ ക്ലബ്ബുകള്‍ ഫൈനല്‍ കളിച്ചു. ചാമ്പ്യന്മാരായ നാല് ലാറ്റിനമേരിക്കന്‍ ടീമുകളും ബ്രസീലിലേതാണ്. അവസാനം കിരീടം നേടിയ യൂറോപ്പിനു പുറത്തുള്ള ടീം കൊറിന്തിയന്സാണ് (ബ്രസീല്‍). രണ്ടു തവണ അവര്‍ ചാമ്പ്യന്മാരായി. അഞ്ചു തവണ റയല്‍ മഡ്രീഡ് ചാമ്പ്യന്മാരായിട്ടുണ്ട്, മൂന്നു തവണ ബാഴ്സലോണയും. അര്‍ജന്റീന ക്ലബ്ബുകള്‍ നാലു തവണ ഫൈനലിലെത്തിയപ്പോഴും തോറ്റു, ഫൈനലിലെത്താതിരുന്ന ഒരേയൊരു അര്‍ജന്റീനാ ക്ലബ്ബ് റിവര്‍പ്ലേറ്റാണ്, 2018 ല്‍ സെമിഫൈനലില്‍ അവര്‍ അല്ഐനിനോട് തോറ്റു.
ക്ലബ്ബ് ലോകകപ്പ് കളിക്കുന്ന ഒമ്പതാമത്തെ മെക്സിക്കന്‍ ക്ലബ്ബാണ് ലിയോണ്‍. മെക്സിക്കന്‍ ക്ലബ്ബിന്റെ മികച്ച പ്രകടനം 2020 ല്‍ ടൈഗ്രസിന്റേതാണ്. ഫൈനലില്‍ അവര്‍ ജര്‍മനിയിലെ ബയേണ്‍ മ്യൂണിക്കിനോട് തോറ്റു. മികച്ച ഏഷ്യന്‍ പ്രകടനം കഴിഞ്ഞ തവണ ഫൈനലില്‍ റയല്‍ മഡ്രീഡിനെതിരെ 3-5 ന് അല്‍ഹിലാല്‍ പൊരുതിത്തോറ്റതാണ്.
ടീമുകള്‍:
യൂറോപ്പ്: മാഞ്ചസ്റ്റര്‍ സിറ്റി (അരങ്ങേറ്റം)
ലാറ്റിനമേരിക്ക: ഫഌമിനന്‍സ് (അരങ്ങേറ്റം)
കോണ്‍കകാഫ്: ക്ലബ്ബ് ലിയോണ്‍ (അരങ്ങേറ്റം)
ഏഷ്യ: ഉറാവ റെഡ്സ് (മൂന്നാം തവണ)
ആഫ്രിക്ക: അല്അഹ്ലി ഈജിപ്ത് (ഒമ്പതാം തവണ)
ഓഷ്യാന: ഓക്ലന്റ് സിറ്റി (11ാം തവണ)
ആതിഥേയ ക്ലബ്ബ്: അല്‍ഇത്തിഹാദ് (രണ്ടാം തവണ)






