അബുദാബി- പ്രവാസികൾ കേരളത്തിന്റെ ജീവിത നിലവാരം മാറ്റിമറിക്കുകയും നാടിനെ സമ്പന്നമാക്കുകയും ചെയ്തതായി കേരള ഹൈക്കോടതി റിട്ട. ജഡ്ജി കമാൽ പാഷ വ്യക്തമാക്കി. പ്രമുഖ പ്രവാസി സംഘടനയായ ഒരുമ ഒരുമനയൂർ 23-ാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടികളും സർക്കാരുകളും പ്രവാസികളെ ചൂഷണം ചെയ്യരുത്.
പ്രവാസികൾ എന്നും നാടിന്റെ സ്പന്ദനങ്ങളറിഞ്ഞു പ്രവർത്തിക്കുന്നവരും സാമ്പത്തിക രംഗത്ത് നാടിന് വലിയ മുതൽക്കൂട്ടാവുകയും ചെയ്തവരാണ്. അവരുടെ കഠിനാധ്വാനത്തിന് പകരം വെയ്ക്കാൻ മറ്റൊന്നും പര്യാപ്തമാവില്ല. എന്നാൽ പ്രവാസികളെ ചൂഷണം ചെയ്യുന്നതിൽ സർക്കാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ചെയ്യുന്ന ക്രൂരത വിസ്മരിക്കാനാവില്ല.
വിമാന നിരക്ക് കുത്തനെ കൂട്ടിയും മറ്റും പ്രവാസികൾ വല്ലാതെ ചൂഷണം ചെയ്യപ്പെടുന്നു. സർക്കാറിനു മാത്രമെ ഇക്കാര്യത്തിൽ മാറ്റം വുരത്താൻ സാധ്യമാവുകയുള്ളൂ. രാജ്യത്തിന് വിദേശനാണ്യം വേണ്ടുവോളം നേടിത്തരുന്ന പ്രവാസികളുടെ കാര്യത്തിൽ ഉദാസീനത വെടിഞ്ഞ് അനുകൂല സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യൻ ഇസ് ലാമിക് സെന്ററിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുസദ്ധിഖ് അധ്യക്ഷത വഹിച്ചു. ഫൗണ്ടർ റസാഖ് ഒരുമനയൂർ ആമുഖ ഭാഷണം നടത്തി. ഇന്ത്യൻ ഇസ് ലാമിക് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. നിർധദ്ദന കുടുംബത്തിന് വീടു വെയ്ക്കാൻ സൗജന്യമായി സ്ഥലം നൽകിയ ആർ.എം കബീർ, വനിതാ വിഭാഗത്തിൽ മികച്ച പ്രവർത്തനം നടത്തിയവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ശുക്കൂറലി കല്ലിങ്ങൽ ആശംസാ പ്രസംഗം നടത്തി. അബുദാബി കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ, ജനറൽ സെക്രട്ടറി താരിഖ്, ദുബായ് കെ.എം.സി.സി കമ്മിറ്റി പ്രസിഡന്റ് സുധീർ (ഹെഡ്), ജനറൽ സെക്രട്ടറി നസറുല്ല, മുൻ പ്രസിഡന്റ് പി.പി അൻവർ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.സി ആസിഫ് സ്വാഗതവും ആർ.വി കബീർ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ മത്സരങ്ങളും കലാ പരിപാടികളും അരങ്ങേറി.






