Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗഹൃദത്തിന്റെ കളമെഴുത്ത് പാട്ടുകൾ

സംസ്ഥാന സർക്കാരിന്റെ ക്ഷേത്രകല അക്കാദമി പുരസ്‌കാരം മന്ത്രി കെ. രാധാകൃഷ്ണനിൽനിന്ന് കടന്നമണ്ണ ശ്രീനിവാസൻ ഏറ്റുവാങ്ങുന്നു.
വിവിധ സ്‌കൂളുകളിൽ നടന്ന ശിൽപശാലകൾ
വിവിധ സ്‌കൂളുകളിൽ നടന്ന ശിൽപശാലകൾ
ലേഖകന്റെ കുടുംബത്തോടൊപ്പം, ശ്രീനിവാസൻ
വിവിധ സ്‌കൂളുകളിൽ നടന്ന ശിൽപശാലകൾ

മാനവ സൗഹൃദത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമാണ് ശ്രീനിവാസന്റെ പണിപ്പുര. അനുഷ്ഠാന കലയായ കളമെഴുത്തുപാട്ടിനെ ജാതിമത വ്യത്യാസം കൂടാതെ പരിചയപ്പെടുത്താൻ കളമെഴുത്ത്പാട്ട് കലാകാരൻ കടന്നമണ്ണ ശ്രീനിവാസൻ നടത്തിവരുന്ന കളംപാട്ട് ശിൽപശാലകൾ 200 പിന്നിട്ടു. കലകളെ പരിചയപ്പെടാനും അറിയാനും മനസ്സിലാക്കാനും ജാതി-മത-വർഗ-വർണങ്ങൾക്കതീതമാകണം മനുഷ്യ മനസ്സ് എന്ന വസ്തുത സമൂഹത്തിലേക്ക് പ്രചരിപ്പിക്കുകയും കൂടിയാണ് ഈ ജനകീയ പ്രവർത്തനങ്ങൾക്ക് പ്രധാന കാരണമെന്ന് ശ്രീനിവാസൻ പറയുന്നു. 
2015-ൽ അങ്ങാടിപ്പുറം ഞരളത്ത് കലാശ്രമത്തിൽ പരിയാപുരം സെന്റ് മേരീസ് ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കായാണ് ശ്രീനിവാസന്റെ ആദ്യത്തെ കളംപാട്ട് ശിൽപശാല നടക്കുന്നത്. തുടർന്ന് സുപ്രസിദ്ധങ്ങളായ നിരവധി കോളേജുകളിലും സ്‌കൂളുകളിലും ഓൺലൈൻ ശിൽപശാലകളിലൂടെയുമാണ്  തന്റെ ജനകീയമായ കലാപ്രവർത്തനം ശ്രീനിവാസൻ നടത്തിയത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കോഴിക്കോട് ഫാറൂഖ് കോളേജ്, കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജ്, മണ്ണാർക്കാട് എം.ഇ.എസ് കോളേജ്, വളാഞ്ചേരി എം.ഇ.എസ് കോളേജ്, തൃശൂർ കേരള വർമ്മ കോളേജ് തുടങ്ങി പ്രസിദ്ധമായ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇദ്ദേഹത്തിന്റെ ഈ ജനകീയ കലാപ്രവർത്തനം നടന്നിട്ടുണ്ട്. കഴിഞ്ഞദിവസം പെരിന്തൽമണ്ണ പാതാക്കര എ.യു.പി സ്‌കൂളിലെ കളംപാട്ട് ശിൽപശാലയോടു കൂടിയാണ് 200 കളംപാട്ട് ശിൽപശാലകൾ പൂർത്തിയാക്കിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളുടെ മുന്നിൽ വെച്ച് കളമെഴുതി കളംപാട്ടിന്റെ ചടങ്ങുകൾ, ഐതിഹ്യങ്ങൾ, വർണപ്പൊടികളുടെ സങ്കലനം, എഴുത്ത് രീതികൾ, അവയുടെ ലോഹസങ്കൽപ്പങ്ങൾ മുതലായ വിവരണങ്ങൾ അടങ്ങിയ സോദാഹരണ പ്രഭാഷണവും, കളംപാട്ട് പാടുന്ന രീതിയും പരിചയപ്പെടുത്തിയാണ് ശ്രീനിവാസൻ, കളംപാട്ട് ശിൽപശാലകൾ നടത്താറുള്ളത്.
കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാരം, കേരള ക്ഷേത്രകലാ അക്കാദമി പുരസ്‌കാരം, യുവ കലാനിപുണ പുരസ്‌കാരം, തിലകസ്മൃതി പുരസ്‌കാരം, സംസ്ഥാന പ്രതീക്ഷ പുരസ്‌കാരം, ശിവശക്തി പുരസ്‌കാരം, യുവ പ്രതിഭാ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ജനകീയമായ ഈ കലാ പ്രവർത്തനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. 1995 മുതൽ 28 വർഷത്തോളമായി കളംപാട്ട് രംഗത്ത് സജീവ സാന്നിധ്യം കൂടിയാണ് കടന്നമണ്ണ ശ്രീനിവാസൻ. കൽവിളക്കുകളും മിനാരങ്ങളും പള്ളിമണിനാദവും സംഗമിക്കുന്ന മലപ്പുറം മങ്കടയുടെ ഹൃദയത്തിലെ കലാകാരൻ കടന്നമണ്ണ ശ്രീനിവാസന്റെ മനസ്സിലും തൂലികത്തുമ്പിലും വിരിയുന്ന വർണക്കൂട്ടുകളിൽ സൗഹൃദചിത്രങ്ങൾ തെളിയുന്നു.
300 വർഷത്തിലധികം കലാപാരമ്പര്യമുള്ള കുടുംബത്തിലെ 9-ാമത്തെ തലമുറക്കാരൻ കൂടിയാണ് കടന്നമണ്ണ നാരായണൻകുട്ടിയുടെയും, അലനല്ലൂർ ശാന്തകുമാരിയുടെയും മൂത്ത മകനായ ശ്രീനിവാസൻ. 
പത്മശ്രീ കലാമണ്ഡലം ഗോപിയാശാൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, മുൻ നിയമസഭ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീർ തുടങ്ങി വിവിധ മേഖലയിലുള്ള പ്രതിഭകൾ ശ്രീനിവാസന്റെ കലാപ്രവർത്തനങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്.

 


 

Latest News