ദുബായ്- ഗാസ യുദ്ധത്തെത്തുടര്‍ന്ന് ഉപഭോക്താക്കള്‍ ബഹിഷ്കരിച്ചതിനാല്‍ ലോകപ്രശസ്തമായ സ്റ്റാര്‍ബക്സ് കോര്പ്പറേഷന് ഏകദേശം 11 ബില്യണ്‍ ഡോളര്‍ മൂല്യം നഷ്ടപ്പെട്ടു.
നവംബര്‍ 16 ലെ റെഡ് കപ്പ് ഡേ പ്രമോഷനുശേഷം, സ്റ്റാര്‍ബക്സ് ഓഹരികള്‍ക്ക് കാര്യമായ തിരിച്ചടി നേരിട്ടു. 19 ദിവസത്തിനുള്ളില്‍ 8.96 ശതമാനം ഇടിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഈ ഇടിവ് വിപണി മൂല്യത്തില്‍ ഏകദേശം 11 ബില്യണ്‍ ഡോളറിന്റെ അമ്പരപ്പിക്കുന്ന നഷ്ടത്തിലേക്ക് നയിച്ചു. മന്ദഗതിയിലുള്ള വില്‍പ്പനയും അവധിക്കാല ഓഫറുകളോടുള്ള നിശബ്ദ പ്രതികരണവുമാണ് കാരണമെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്രായിലിനുള്ള പിന്തുണയുടെ പേരില്‍ ആഗോള ബ്രാന്‍ഡുകളെ ലക്ഷ്യമിട്ടുള്ള വലിയ പ്രതിഷേധത്തിന്റെ ഭാഗമാണ് സ്റ്റാര്ബക്സിനെതിരായ സമീപകാല ബഹിഷ്കരണ തരംഗങ്ങള്‍. ഈ ബഹിഷ്കരണത്തിന്റെ സാമ്പത്തിക ആഘാതം കാരണം ഈജിപ്തിലെ സ്റ്റാര്‍ബക്സ് നവംബര്‍ അവസാനത്തോടെ തൊഴിലാളികളെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
ബഹിഷ്കരണത്തിന്റെ അനന്തരഫലങ്ങള്മൂലം ഈജിപ്തിലെ സ്റ്റാര്‍ബക്സിന് കാര്യമായ വെല്ലുവിളി നേരിടേണ്ടി വന്നു.






