കളിയാക്കിയതിന് എട്ടുവയസ്സുകാരിയെ കൗമാരക്കാരന്‍ കൊലപ്പെടുത്തി, പ്രതിയും അച്ഛനും അറസ്റ്റില്‍

മുംബൈ- കളിയാക്കിയെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ കൗമാരക്കാരന്‍ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തി. മൂന്ന് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. അയല്‍പക്കത്തെ കുട്ടി കളിയാക്കുന്നതില്‍ ദേഷ്യമുണ്ടായിരുന്നുവെന്നും  ഇതാണ് കൊലപ്പെടുത്താന്‍ കാരണമെന്നും പോലീസ് പറഞ്ഞു.
ആളൊഴിഞ്ഞ മുറിയില്‍ പ്ലാസ്റ്റിക് ബാഗില്‍ നിറച്ച നിലയിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളായ കൗമാരക്കാരനേയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ആണ്‍കുട്ടിക്ക് 16 വയസ്സുണ്ടെന്ന് വസായ് താലൂക്കിലെ പെല്‍ഹാര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മൃതദേഹം കണ്ടെത്തിയതുമുതല്‍ പ്രദേശത്തുനിന്ന് ആണ്‍കുട്ടിയെ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്. വീട്ടില്‍നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പ്രതി തന്റെ വീട്ടിലേക്ക് വലിച്ചിഴച്ച്  കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
എന്നാല്‍ മൃതദേഹം എന്തുചെയ്യണമെന്ന് അറിയാത്തതിനാല്‍, രണ്ട് ദിവസം വീട്ടില്‍  തന്നെ ഒളിപ്പിച്ചു. പിന്നീട് പിതാവിനോട് ഇക്കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് ഇരവരും ചേര്‍ന്ന്  ഒഴിഞ്ഞ മുറിയിലേക്ക് മാറ്റിയത്.
പ്രതികളുടെ മുറിയുടെ കവാടത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ ചെരിപ്പ് കണ്ടെടുത്തത് അന്വേഷണത്തില്‍ സഹായകമായി. പോലീസ് മൃതദേഹം കണ്ടെടുത്ത ശേഷം കൗമാരക്കാരനായ മകനെ ജല്‍ന ജില്ലയിലെ ജന്മനാട്ടിലേക്ക് അയച്ചതായി പിതാവ് പോലീസിനോട് വെളിപ്പെടുത്തി. പിന്നീട് പോലീസ് സംഘം അവിടെയെത്തി കുട്ടിയെ പാല്‍ഘറിലേക്ക് കൊണ്ടു വരികയായിരുന്നു.

 

 

Latest News