ഗാസയില്‍ സുപ്രധാന ചുവടുമായി യു.എന്‍ സെക്രട്ടറി ജനറല്‍, വിവരം സൗദി വിദേശമന്ത്രിയെ അറിയിച്ചു

ജിദ്ദ - സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ഫോണില്‍ ബന്ധപ്പെട്ട് ഗാസ സംഘര്‍ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സൗദി വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഗാസ വെടിനിര്‍ത്തലിന് സമ്മര്‍ദം ശക്തമാക്കി യു.എന്‍ ചാര്‍ട്ടറിലെ 99-ാം വകുപ്പ് പ്രകാരം ഗാസ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് രക്ഷാ സമിതി അംഗങ്ങള്‍ക്ക് കത്ത് നല്‍കിയതിനെ കുറിച്ച് ഗുട്ടെറസ് സൗദി വിദേശ മന്ത്രിയെ അറിയിച്ചു. 2017 ല്‍ യു.എന്‍ സെക്രട്ടറി ജനറലായി ചുമതലയേറ്റ ശേഷം ആദ്യമായാണ് യു.എന്‍ ചാര്‍ട്ടര്‍ 99-ാം വകുപ്പ് പ്രകാരം ഗുട്ടെറസ് ഒരു പ്രശ്‌നത്തില്‍ ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ട് രക്ഷാ സമിതിക്ക് കത്ത് നല്‍കുന്നത്. ഈ സുപ്രധാന ചുവടുവെപ്പിനെ സൗദി അറേബ്യ വിലമതിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.
ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്താന്‍ യു.എന്‍ സെക്രട്ടറി ജനറലും സൗദി വിദേശ മന്ത്രിയും ധാരണയിലെത്തി.
ഗാസക്കെതിരായ ഇസ്രായില്‍ യുദ്ധം ആഗോള സമാധാനത്തിനും സുരക്ഷക്കുമുള്ള വെല്ലുവിളികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്ന് രക്ഷാ സമിതിയിലെ 15 അംഗരാജ്യങ്ങള്‍ക്ക് നല്‍കിയ കത്തില്‍ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. മാനുഷിക വ്യവസ്ഥയുടെ തകര്‍ച്ച സൃഷ്ടിക്കുന്ന ഗുരുതരമായ അപകടത്തെ നാം അഭിമുഖീകരിക്കുന്നു. ഫലസ്തീനികള്‍ക്ക് മൊത്തത്തിലും മേഖലാ സമാധാനത്തിനും സുരക്ഷക്കും മാറ്റാനാവാത്ത പ്രത്യാഘാതങ്ങളുള്ള ഒരു ദുരന്തമായി സ്ഥിതിഗതികള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സ്ഥിതിവിശേഷം എന്ത് വിലകൊടുത്തും ഒഴിവാക്കണമെന്നും ഗാസയില്‍ മാനുഷിക ദുരന്തം തടയാന്‍ രക്ഷാ സമിതി എല്ലാ സ്വാധീനവും ഉപയോഗിക്കണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും കത്തില്‍ ഗുട്ടെറസ് ആവശ്യപ്പെട്ടു.

 

 

Latest News