ശ്രീശാന്ത്-ഗംഭീര്‍ ഉരസല്‍  സെയ്ദ് കിര്‍മാനി അന്വേഷിക്കും

സൂറത്ത് -ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിനിടെ ഇന്ത്യന്‍ ടീമിലെ പഴയ സഹതാരങ്ങളായ ഗൗതം ഗംഭീറും ശ്രീശാന്തും ഉരസി. സംഭവം അന്വേഷിച്ച് നടപടിയെടുക്കാന്‍ ലീഗ് അധികൃതര്‍ തീരുമാനിച്ചതായി അച്ചടക്ക സമിതി അധ്യക്ഷനായ സെയ്ദ് കിര്‍മാനി അറിയിച്ചു.. സൂറത്തിലെ ലാല്‍ഭായി കോണ്‍ട്രാക്റ്റര്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യ കാപിറ്റല്‍സും ഗുജറാത്ത് ജയന്റ്‌സും തമ്മില്‍ നടന്ന എലിമിനേറ്റര്‍ മത്സരത്തിനിടയിലാണ് വിവാദ സംഭവം. കൈയാങ്കളി ഒഴിവായത് അമ്പയര്‍മാര്‍ ഇടപെട്ടതിനാലാണ്. 
ഇന്ത്യ കാപിറ്റല്‍സ് 12 റണ്‍സിന് ജയിച്ച ശേഷം അവരുടെ നായകനായ ഗംഭീറാണ് പ്രകോപനം തുടങ്ങിവെച്ചത്. ശ്രീശാന്ത് പങ്കുചേര്‍ന്നു. തന്നോടും സഹതാരങ്ങളോടും അപമര്യാദയായി പെരുമാറിയതിനെ ശ്രീശാന്ത് ചോദ്യം ചെയ്തു. ക്രിസ് ഗയ്‌ലും ജാക്ക് കാലിസും പാര്‍ഥിവ് പട്ടേലുമുള്‍പ്പെട്ട ഗുജറാത്ത് ടീമിലാണ് ശ്രീശാന്ത്. 
സീനിയര്‍ സഹ കളിക്കാരോട് പോലും ഒരു കാരണവുമില്ലാതെ തല്ലു കൂടുന്ന മിസ്റ്റര്‍ ഫൈറ്ററാണ് ഗംഭീറെന്ന് ശ്രീശാന്ത് വിമര്‍ശിച്ചു. മര്യാദയില്ലാത്തതും അസഭ്യവുമായ പദപ്രയോഗങ്ങള്‍ നടത്തിയതിനാലാണ് താന്‍ എതിര്‍ത്തതെന്നും ശ്രീശാന്ത് പറഞ്ഞു. 
 

Latest News