ഫിഫ: റുബിയാസിലിസിനെതിരെ കൂടുതല്‍ ലൈംഗികാരോപണങ്ങള്‍

സൂറിക് - സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ലൂയിസ് റുബിയാലിസിനെതിരായ ഫിഫ റിപ്പോര്‍ട്ടില്‍ കൂടുതല്‍ ലൈംഗികാരോപണങ്ങള്‍. വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ സ്‌പെയിന്‍ ചാമ്പ്യന്മാരായ ശേഷം സമ്മാനദാനച്ചടങ്ങില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജെന്നി ഹോര്‍മോസോയെ സമ്മതമില്ലാതെ ചുംബിച്ചതാണ് റുബിയാലിസിനെതിരെ വിവാദനായകനാക്കിയത്. 
എന്നാല്‍ വേറെയും രണ്ടു കളിക്കാരികളെ ചടങ്ങില്‍ റുബിയാലിസ് അപമര്യാദയായും സമ്മതമില്ലാതെയും ചുംബിച്ചതായി സമീപത്തുണ്ടായിരുന്ന ഇംഗ്ലിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ അധ്യക്ഷ ഡെബ്ബി ഹ്യൂവിറ്റ് മൊഴി നല്‍കി. ആദ്യം ഇംഗ്ലണ്ട് താരം ലോറ കൂംബ്‌സിന്റെ മുഖമാണ് റുബിയാലിസ് തഴുകുകയും ചുംബിക്കുകയും ചെയ്തത്. തൊട്ടുപിന്നാലെ ലൂസി ബ്രൗണ്‍സിനെ ചുംബിച്ചു. റുബിയാലിസിന്റെ പെരുമാറ്റം ദുരൂഹമായിത്തോന്നിയെന്ന് ഡെബ്ബി മൊഴി നല്‍കി. 
ഒരു തരത്തിലുമുള്ള ഔചിത്യമോ മര്യാദയോ ഇല്ലാത്ത വ്യക്തിയായാണ് റുബിയാലിസിനെക്കുറിച്ച് ഫിഫ കമ്മിറ്റി വിലയിരുത്തിയത്. ഇത്ര ഉന്നതനായ വ്യക്തിയില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതും അസ്വീകാര്യവുമായ നടപടികളാണ് ഇത് -കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. 
തനിക്കനുകൂലമായി പ്രസ്താവന ഇറക്കാന്‍ ജെന്നി ഹോര്‍മോസോയില്‍ സമ്മര്‍ദ്ദം ചെലുത്തിയ റുബിയാലിസ് ഗത്യന്തരമില്ലാതെ സെപ്റ്റംബര്‍ 10 ന് രാജി വെക്കുകയായിരുന്നു.
 

Latest News