സിറ്റി താഴോട്ട് തന്നെ, കിരീടം കൈവിടുന്നു

ബേമിംഗ്ഹാം -തുടര്‍ച്ചയായ മൂന്നു സമനിലകള്‍ക്കു ശേഷം ആസ്റ്റണ്‍വില്ലയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റതോടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം കൈവിടുന്നു. ആഴ്‌സനലിന് നാല് പോയന്റ് പിന്നില്‍ നാലാം സ്ഥാനത്താണ് അവര്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് 1-2 ന് തോറ്റ ചെല്‍സി ആദ്യ പത്തില്‍ നിന്ന് പുറത്തേക്കുള്ള വഴിയിലാണ്. ചെല്‍സിയും ബ്രന്റ്ഫഡും പത്താം സ്ഥാനം പങ്കിടുകയാണ്. ഡ്രസ്സിംഗ് റൂമില്‍ കോച്ചിനെതിരെ കളിക്കാര്‍ കലാപക്കൊടിയുയര്‍ത്തുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിജയം. 
ആധികാരികമായി കളിച്ച ആസ്റ്റണ്‍വില്ല നിലവിലെ ചാമ്പ്യന്മാരെ വെള്ളം കുടിപ്പിച്ചു. പലതവണ അവര്‍ ഗോളിനടുത്തെത്തി. ഗോളി എഡേഴ്‌സനാണ് സിറ്റിയെ രക്ഷിച്ചത്. എന്നാല്‍ ഭാഗ്യത്തിന്റെ പിന്തുണയോടെയാണ് 74ാം മിനിറ്റില്‍ ലിയോണ്‍ ബെയ്‌ലി ഗോളടിച്ചത്. ഷോട്ട് ഡിഫന്ററുടെ കാലില്‍ തട്ടിത്തിരിഞ്ഞപ്പോള്‍ ഗോളി നിസ്സഹായനായി. വില്ലയുടെ പതിനാലാമത്തെ തുടര്‍ച്ചയായ ഹോം വിജയമാണ് ഇത്. 
ചെല്‍സി, ലിവര്‍പൂള്‍, ടോട്ടനം ടീമുകള്‍ക്കെതിരെ സമനില കഴിഞ്ഞ കളിയില്‍ സമനിലകള്‍ വഴങ്ങിയ സിറ്റി സീസണിലെ ഏറ്റവും മോശം പ്രകടനമാണ് ആസ്റ്റണ്‍വില്ലയില്‍ കാഴ്ചവെച്ചത്. നിരവധി ഗോളുകള്‍ക്ക് തോല്‍ക്കാതിരുന്നത് ഭാഗ്യം കൊണ്ടാണ്. കഴിഞ്ഞ സീസണില്‍ ആഴ്‌സനലിന് എട്ട് പോയന്റ് വരെ പിന്നിലായിരുന്ന സിറ്റി അവസാന മത്സരങ്ങളിലാണ് കിരീടം നിലനിര്‍ത്തിയത്. ഫിഫ ക്ലബ്ബ് ലോകകപ്പിന് സൗദിയിലേക്ക് പുറപ്പെടാനിരിക്കെ ആത്മവീര്യം നഷ്ടപ്പെട്ട നിലയിലാണ് യൂറോപ്യന്‍ ചാമ്പ്യന്മാര്‍. 
കഴിഞ്ഞ നാലു കളികള്‍ 10 ഗോള്‍ വഴങ്ങിയതിനാല്‍ ആറ് ഡിഫന്റര്‍മാരുമായാണ് സിറ്റി ഇറങ്ങിയത്. എന്നിട്ടും പലതവണ വില്ല കളിക്കാര്‍ ഗോള്‍മുഖം വിറപ്പിച്ചു. എര്‍ലിംഗ് ഹാളന്റിനും ബെര്‍ണാഡൊ സില്‍വക്കും മറുവശത്ത് അവസരം കിട്ടിയപ്പോള്‍ വില്ലയുടെ അര്‍ജന്റീനാ ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്‍ടിനേസ് അവസരത്തിനൊത്തുയര്‍ന്നു. ജാക്ക് ഗ്രീലിഷിന്റെയും ജെറമി ദോക്കുവിന്റെയും അഭാവത്തില്‍ സിറ്റി മുന്‍നിര പൂര്‍ണമായും മുനയൊടിഞ്ഞു.
 

Latest News