കൊല്‍ക്കത്ത - ഐ- ലീഗ് ഫുട്ബോളില്‍ കൊല്‍ക്കത്ത വമ്പന്മാരായ മുഹമ്മദന്‍ സ്പോര്‍ടിംഗിനെ എവേ മത്സരത്തില്‍ വെള്ളിയാഴ്ച ഗോകുലം കേരള നേരിടും. ഏഴ് കളിയില്‍ ആറ് ജയവും ഒരു സമനിലയുമായി 19 പോയന്റ് സ്വന്തമാക്കിയ മുഹമ്മദന്‍സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്നു കളികളിലായി വിജയം അകന്നുനിന്നതോടെ ഗോകുലം ആറാം സ്ഥാനത്തേക്കു പോയി. ഏഴ് കളിയില്‍ മൂന്ന് ജയവും മൂന്ന് സമനിലയുമായി 12 പോയന്റ്.
മുഹമ്മദന്‍സും ഷില്ലോംഗ് ലജോംഗുമാണ് ഈ സീസണില്‍ പരാജയമറിയാത്ത ടീമുകള്‍. ഷില്ലോംഗിന് എട്ട് കളികളില്‍ നാല് ജയവും നാല് സമനിലകളുമായി 16 പോയന്റുണ്ട്. ശ്രീനിധി ഡെക്കാനുമായി അവര്‍ രണ്ടാം സ്ഥാനം പങ്കിടുന്നു. ഷില്ലോംഗ് 2-0 ന് ചര്‍ച്ചില്‍ ബ്രദേഴ്സിനെ തോല്പിച്ചു. ഇരു പകുതികളിലായി ലയവാംഗ് ബോഹമും (45ാം മിനിറ്റ്) പെനാല്‍ട്ടിയിലൂടെ റെനാന്‍ പോളിനോയും (51) സ്കോര്‍ ചെയ്തു. എട്ടു കളികളില്‍ രണ്ടെണ്ണം മാത്രം ജയിച്ച ചര്‍ച്ചില്‍ ഒമ്പതാം സ്ഥാനത്താണ്.
വലതു വിംഗിലൂടെ മത്സരത്തിലുടനീളം ഷില്ലോംഗ് അപകടം വിതച്ചു. പുര്സുനെപ്പിന്റെ വേഗവും ക്രോസുകളും ചര്‍ച്ചില്‍ പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചു. നിരവധി അവസരങ്ങളാണ് സ്ട്രൈക്കര്‍ അബ്ദുകരീം സാംബ് പാഴാക്കിയത്.






