ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടതിന് കാരണമെന്താണ്? വായുവില്‍ വശങ്ങളിലേക്ക് ചലിക്കുന്ന പന്തിനെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ സാങ്കേതികമായ ദൗര്‍ബല്യമാണെന്നാണ് ബഹുഭൂരിഭാഗം കമന്റേറ്റര്‍മാരും അഭിപ്രായപ്പെട്ടത്. മത്സരങ്ങളുടെ ഇടവേളയില്‍ ഇത്തരം സാങ്കേതിപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയെന്നതാണ് ഏറ്റവും നല്ല പോംവഴി. എന്നാല്‍ ലോഡ്‌സിലെ പരാജയത്തിനു ശേഷം ഇന്ത്യന്‍ ടീം ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. ശനിയാഴ്ച മൂന്നാം ടെസ്റ്റ് ആരംഭിക്കുകയാണ്.
പ്രശ്‌നം ബാറ്റ്‌സ്മാന്മാരുടെ സാങ്കേതിക പിഴവുകളല്ലെന്നാണ് ടീം മാനേജ്‌മെന്റ് കരുന്നത്. കളിക്കാരുടെ മനസ്സിലാണ് പ്രശ്‌നമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തുറന്നു പറഞ്ഞു. അതുകൊണ്ട് തന്നെ കളിക്കാരെ പരമാവധി കളിയുടെ ചിന്തയില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ് ടീം. ഇന്ന് ടീം നോട്ടിംഗ്ഹാമിലേക്ക് പോവും. നാളെയേ പരിശീലനം ആരംഭിക്കൂ.
ഈ നിലയിലെത്തിയ കളിക്കാര്‍ക്ക് ഒന്നോ രണ്ടോ സെഷന്‍ അധികം പരിശീലനം നടത്തിയതു കൊണ്ട് വലിയ കാര്യമില്ലെന്ന നിലപാടാണ് ടീം അധികൃതര്‍ക്ക്. ടീമിന്റെ നിലപാടിനെ സുനില്‍ ഗവാസ്‌കറും സൗരവ് ഗാംഗുലിയുമുള്‍പ്പെടെ ഇന്ത്യന്‍ കളിക്കാര്‍ വിമര്‍ശിച്ചു. എന്നാല്‍ കോച്ചുമാര്‍ ഓരോ ബാറ്റ്‌സ്മാനോടും ദൗര്‍ബല്യം ചൂണ്ടിക്കാട്ടി സംസാരിക്കുന്നുണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ മറുപടി. യാത്രാ ഷെഡ്യൂളുകള്‍ പരമ്പരക്കു മുമ്പ് തന്നെ നിശ്ചയിച്ചതിനാല്‍ അതിനിടയില്‍ പരിശീലന സെഷനുകള്‍ ഒരുക്കുക സാധ്യമല്ലെന്നും അവര്‍ പറയുന്നു.