ഇഞ്ചുറി ടൈമില്‍ ജയം, പിടിവിടാതെ ആഴ്‌സനല്‍

ലൂടന്‍ - ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ ഡെക്ലാന്‍ റൈസ് നേടിയ ഗോളില്‍ ലൂടനെതിരായ എവേ മത്സരം 4-3 ന് ജയിച്ച ആഴ്‌സനല്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് പിടിമുറുക്കി. ഗോള്‍കീപ്പര്‍ ഡേവിഡ് റായയുടെ രണ്ട് പിഴവുകളില്‍ ആഴ്‌സനലിന് സമനില സമ്മതിക്കേണ്ടി വരുമെന്ന ഘട്ടത്തിലാണ് റൈസ് ടീമിന്റെ രക്ഷക്കെത്തിയത്. ആറ് മിനിറ്റ് ഇഞ്ചുറി ടൈം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് മാര്‍ടിന്‍ ഓഡെഗാഡിന്റെ ക്രോസില്‍ നിന്ന് റൈസിന്റെ ഹെഡര്‍ ലൂടന്‍ വല കുലുക്കിയത്. രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളിനെക്കാള്‍ അഞ്ച് പോയന്റ് മുന്നിലെത്തി ആഴ്‌സനല്‍. 
ഗബ്രിയേല്‍ മാര്‍ടിനെല്ലിയും ഗബ്രിയേല്‍ ജെസൂസും ആഴ്‌സനലിനും ഗബ്രിയേല്‍ ഓഷോ ലൂടനും സ്‌കോര്‍ ചെയ്തതോടെ ഇടവേളയില്‍ 2-1 ന് മുന്നിലായിരുന്നു സന്ദര്‍ശകര്‍. 49ാം മിനിറ്റില്‍ കോര്‍ണര്‍ പിടിക്കുന്നതില്‍ റായക്ക് പിഴച്ചതോടെ ലൂടന്‍ സ്‌കോര്‍ 2-2 ആക്കി. എലിജ അദബായൊ വല കുലുക്കി. എട്ട് മിനിറ്റിനു ശേഷം റോസ് ബാര്‍കലിയുടെ ഷോട്ടിനായി ഡൈവ് ചെയ്ത റായയുടെ ശരീരത്തിനടിയിലൂടെ പന്ത് ഗോള്‍ വര കടന്നു. തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള ലൂടന്‍ അതോടെ ഒന്നാം സ്ഥാനക്കാര്‍ക്കെതിരെ 3-2 ന് മുന്നിലെത്തി. 60ാം മിനിറ്റില്‍ കായ് ഹാവേട്‌സാണ് ആഴ്‌സനലിന്റെ ആശങ്കയകറ്റിയ മൂന്നാം ഗോളടിച്ചത്. 
ബ്രന്റ്ഫഡിനെതിരെ 89ാം മിനിറ്റിലും മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ 86ാം മിനിറ്റിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ഇഞ്ചുറി ടൈമില്‍ രണ്ടു തവണയും ഗോളടിച്ചാണ് ഈ സീസണില്‍ ആഴ്‌സനല്‍ തിരിച്ചുവന്നത്.
 

Latest News