മെസ്സി അത്‌ലറ്റ് ഓഫ് ദ ഇയര്‍, സൗദി മോഹിപ്പിച്ചിരുന്നുവെന്ന് താരം

ലോസ്ആഞ്ചലസ് - ഈ വര്‍ഷത്തെ മികച്ച കായികതാരത്തിനുള്ള ദ ടൈം മാഗസിന്റെ അത്‌ലറ്റ് ഓഫ് ദ ഇയര്‍ ബഹുമതി അര്‍ജന്റീനാ ഫുട്‌ബോളര്‍ ലിയണല്‍ മെസ്സിക്ക്. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയില്‍ മെസ്സി ചേര്‍ന്നത് ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ക്കാന്‍ മടിച്ചു നിന്ന അമേരിക്കയില്‍ അടിമുടി മാറ്റമുണ്ടാക്കിയെന്ന് മാഗസിന്‍ വിലയിരുത്തി. റെക്കോര്‍ഡായ എട്ടാം തവണ ബാലന്‍ഡോര്‍ ബഹുമതി നേടിയതും അവാര്‍ഡിന് പരിഗണിക്കാന്‍ പ്രേരകമായി. അസാധയമെന്ന് ഒരുകാലത്ത് കരുതിയ, അമേരിക്കയെ സോക്കര്‍ രാജ്യമായി മാറ്റുക എന്ന ദൗത്യമാണ് മെസ്സി സാധിച്ചതെന്ന് മാഗസിന്‍ അഭിപ്രായപ്പെട്ടു. 
വിവാദ രീതിയില്‍ പി.എസ്.ജി വിട്ട മുപ്പത്താറുകാരന്‍ ജൂലൈയിലാണ് ഇന്റര്‍ മയാമിയില്‍ ചേര്‍ന്നത്. 14 കളികളില്‍ 11 ഗോള്‍ നേടി. മെസ്സിയുടെ അരങ്ങേറ്റ ദിവസം മേജര്‍ ലീഗ് സംപ്രേഷണം ചെയ്യുന്ന ആപ്പിള്‍ ടി.വിയുടെ സബ്‌സ്‌ക്രിപ്ഷനില്‍ 1700 ശതമാനം വര്‍ധനയുണ്ടായി. മൊത്തത്തില്‍ ഗാലറിയിലെ ആരാധക സാന്നിധ്യവും ടിക്കറ്റ് നിരക്കും ജഴ്‌സിയുള്‍പ്പെടെ വില്‍പനയും വന്‍ തോതില്‍ വര്‍ധിച്ചു. 
പി.എസ്.ജി വിട്ടപ്പോള്‍ ബാഴ്‌സലോണയില്‍ തിരിച്ചുപോവുന്നതിനാണ് പ്രഥമ പരിഗണന നല്‍കിയതെന്ന് മെസ്സി വെളിപ്പെടുത്തി. ക്ലബ്ബിന്റെ സാമ്പത്തികാവസ്ഥ കാരണം അത് സാധ്യമായില്ല. സൗദി പ്രൊ ലീഗില്‍ ചേരുന്ന കാര്യം സുദീര്‍ഘമായി പരിഗണിച്ചു. സൗദി ലീഗും അമേരിക്കന്‍ മേജര്‍ ലീഗും ഒരുപോലെ മോഹിപ്പിക്കുന്നതായിരുന്നു -മെസ്സി പറഞ്ഞു.
 

Latest News