ദുഷാന്‍ബെ - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സൗദി അറേബ്യയിലെ നാല് ക്ലബ്ബുകളും പ്രി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അല്‍ഹിലാലും അല്‍ഇത്തിഹാദും അന്നസ്റും രണ്ടു കളികള്‍ ശേഷിക്കെ നോക്കൗട്ട് ഉറപ്പാക്കിയിരുന്നു. മൂന്നു ടീമുകളും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. അതേസമയം അവസാന രണ്ടു കളികള്‍ ജയിച്ചാണ് അല്‍ഫൈഹ ഗ്രൂപ്പ് എ-യില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. 10 ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും മികച്ച റെക്കോര്‍ഡുള്ള ആറ് രണ്ടാം സ്ഥാനക്കാരുമാണ് പ്രി ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചത്.
ഉസ്ബെക്കിസ്ഥാനിലെ പാഖ്തകോറിനെ 4-1 ന് തകര്‍ത്താണ് അല്‍ഫൈഹ മുന്നേറിയത്. അല്‍ഐന്‍ (യു.എ.ഇ), നസഫ് (ഉസ്ബെക്കിസ്ഥാന്) ടീമുകളും ഗ്രൂപ്പ് ചാമ്പ്യന്മാരായി. നവ്ബഹോര്‍ (ഉസ്ബെക്കിസ്ഥാന്), സെപാഹന് (ഇറാന്) ടീമുകളും രണ്ടാം സ്ഥാനക്കാരായി ബെര്‍ത്തുറപ്പിച്ചു.
ഗ്രൂപ്പ് ചാമ്പ്യന്‍ പദവിയും നോക്കൗട്ട് സ്ഥാനവും ഉറപ്പായതോടെ താജിക്കിസ്ഥാനില്‍ ഇസ്തിഖ്ലോലിനെതിരായ കളിയില്‍ അന്നസ്ര്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ഉള്‍പ്പെടെ പ്രമുഖ കളിക്കാര്‍ക്ക് വിശ്രമം നല്‍കുകയും 1-1 സമനിലയുമായി മടങ്ങുകയും ചെയ്തു. സൗദി കളിക്കാര്‍ മാത്രമുള്‍പ്പെട്ട ഇലവനെയാണ് ലൂയിസ് കാസ്ട്രോ ഇറക്കിയത്. മുപ്പത്തിരണ്ടാം മിനിറ്റില്‍ അലിഷേര്‍ ഷാലിലോവിന്റെ ഗോളില്‍ ഇസ്തിഖ്ലോല് മുന്നിലെത്തിയെങ്കിലും ഇടവേള കഴിഞ്ഞയുടനെ അബ്ദുറഹമാന് അല്ഗരീബിലൂടെ അന്നസ്ര്‍ തിരിച്ചടിച്ചു.
നെയ്മാര്‍ ഉള്‍പ്പെടെ പ്രമുഖ കളിക്കാര്‍ ഇല്ലാതെയാണ് അല്‍ഹിലാല്‍ ഒന്നാം സ്ഥാനത്തെത്തിയത്. കരീം ബെന്‍സീമയുടെയും എന്‍ഗോളൊ കാണ്ടെയുടെയും അഭാവത്തില്‍ ഇത്തിഹാദ് 2-1 ന് സെപാഹനെ തോല്പിച്ചു.






