അറ്റ്‌ലാന്റ - അടുത്ത വര്‍ഷത്തെ കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 14 അമേരിക്കന്‍ നഗരങ്ങളിലായി അരങ്ങേറും. സെമിഫൈനലുകള്‍ ഈസ്റ്റ് റഥര്‍ഫഡിലും നോര്‍ത്ത് കരൊലൈനയിലുമാണ്. ഫൈനലില്‍ ഫ്‌ളോറിഡയിലെ മയാമി ഗാര്‍ഡന്‍സിലും. ജൂണ്‍ 20 നാണ് കിക്കോഫ്. നിലവിലെ കോപ അമേരിക്ക, ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഗ്രൂപ്പ് എ-യിലാണ്. ബ്രസീല്‍ ഗ്രൂപ്പ് ഡി-യിലും. വടക്കെ അമേരിക്കയില്‍ നിന്നുള്ള ആറ് ടീമുകള്‍ ഉള്‍പ്പെടെ 16 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. അമേരിക്കക്കു പുറമെ മെക്‌സിക്കൊ, ജമൈക്ക, പാനമ ടീമുകള്‍ വടക്കെ അമേരിക്കയില്‍ നിന്ന് ബെര്‍ത്തുറപ്പാക്കി. രണ്ട് ടീമുകള്‍ പ്ലേഓഫില്‍ നിന്ന് യോഗ്യത നേടും. ലാറ്റിനമേരിക്കയിലെ 10 ടീമുകള്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
ആതിഥേയരായ അമേരിക്ക ജൂണ്‍ 23 ന് ടെക്‌സസില്‍ ആദ്യ മത്സരം കളിക്കും. 16 ടീമുകള്‍ പങ്കെടുക്കും. ജൂലൈ 13 നാണ് ഫൈനല്‍. 1916 മുതല്‍ അരങ്ങേറുന്ന കോപ അമേരിക്ക രണ്ടാം തവണയാണ് ലാറ്റിനമേരിക്കക്കു പുറത്ത് നടത്തുന്നത്. 2024 ലെ ടൂര്‍ണമെന്റ് ഇക്വഡോറിലാണ് നടക്കേണ്ടിയിരുന്നത്. അവര്‍ പിന്മാറിയപ്പോഴാണ് അമേരിക്ക മുന്നോട്ടുവന്നത്.