ക്വാലാലംപൂര്‍- ജൂനിയര്‍ ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ ആദ്യ പൂള്‍ മത്സരത്തില്‍ ഇന്ത്യ 4-2 ന് തെക്കന്‍ കൊറിയയെ തോല്‍പിച്ചു. ഹാട്രിക്കോടെ അരയ്ജീത് സിംഗ് ഹുണ്ടാലാണ് ഇന്ത്യയുടെ പോരാട്ടം നയിച്ചത്. സ്‌പെയിനുമായാണ് ഇന്ത്യയുടെ അടുത്ത കളി. കാനഡയാണ് പൂള്‍ സി-യിലെ മൂന്നാമത്തെ ടീം. 2001 ലും 2006 ലും ചാമ്പ്യന്മാരായ ഇന്ത്യ 1997 ല്‍ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ഭുവനേശ്വറില്‍ നടന്ന 2021 ലെ അവസാന ലോകകപ്പില്‍ ഇന്ത്യ വെങ്കല മെഡല്‍ മത്സരത്തില്‍ ഫ്രാന്‍സിന് മുന്നില്‍ കീഴടങ്ങി.
ഹുണ്ടാല്‍ 11, 16, 41 മിനിറ്റുകളിലായാണ് ഹാട്രിക് തികച്ചത്. മുപ്പതാം മിനിറ്റില്‍ അമന്‍ദീപ് സിംഗും സ്‌കോര്‍ ചെയ്തു. ദോഹ്യുന്‍ ലിമ്മും (38) മിന്‍ക്വോന്‍ കിമ്മും (45) മൂന്നാം ക്വാര്‍ട്ടറില്‍ കൊറിയക്കു വേണ്ടി സ്‌കോര്‍ ചെയ്തു. ഇടവേളയില്‍ ഇന്ത്യ 3-0 ന് മുന്നിലായിരുന്നു.






