കോര്‍ടില്‍ ഇടിമുഴക്കം, ലോക ചാമ്പ്യന്‍ഷിപ്പിന് ബംഗളൂരു ഒരുങ്ങി

ഹള്‍ക്ബാങ്ക് (തുര്‍ക്കി) x സണ്‍ബേഡ്‌സ് (ജപ്പാന്‍)
പൂള്‍ ബി, ഇന്ത്യന്‍ സമയം വൈകു: 5.00
അഹമ്മദാബാദ് (ഇന്ത്യ) x മിനാസ് (ബ്രസീല്‍) 
പൂള്‍ എ, ഇന്ത്യന്‍ സമയം രാത്രി 8.30

ബംഗളൂരു - ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലിയണല്‍ മെസ്സിയും ആര്യന്‍ റോബനും വെയ്ന്‍ റൂണിയുമൊക്കെ അവരുടെ പ്രതാപകാലത്ത് പരസ്പരം ഏറ്റുമുട്ടാന്‍ ഇന്ത്യയില്‍ വന്നാല്‍ എന്തൊരു കോലാഹലമായിരിക്കും. അത്തരം ലോകോത്തര വോളിബോള്‍ താരങ്ങളുടെ പോരാട്ടത്തിന് ബംഗളൂരു കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയം ഒരുങ്ങി. വോളിബോളിലെ ഏറ്റവും ആവേശകരമായ ടൂര്‍ണമെന്റായ ഇന്റര്‍നാഷനല്‍ വോളിബോള്‍ ഫെഡറേഷന്റെ ക്ലബ്ബ് ലോക ചാമ്പ്യന്‍ഷിപ്പിന് ബുധനാഴ്ച തുടക്കമാവും. എല്ലാ ദിവസവും രണ്ടു കളികളുണ്ടാവും. ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചിനും രാത്രി എട്ടരക്കും ആരംഭിക്കും. ശനിയാഴ്ചയാണ് സെമിഫൈനലുകള്‍. ഞായറാഴ്ച ഫൈനല്‍ അരങ്ങേറും. 
ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ് വോളിബോള്‍ ടീമിനെ കണ്ടെത്താന്‍ 1989 ല്‍ ആരംഭിച്ച ലോക ചാമ്പ്യന്‍ഷിപ് പല രൂപത്തിലാണ് നടന്നത്. വന്‍കരകളിലെ ചാമ്പ്യന്മാരും റണ്ണേഴ്‌സ്അപ്പും നേരത്തെ പങ്കെടുത്തിരുന്നു. നാലു വര്‍ഷം ടൂര്‍ണമെന്റ് നടന്ന ശേഷം പിന്നീട് ദീര്‍ഘ ഇടവേളയുണ്ടായി. 2009 ല്‍ പുനരാരംഭിച്ച ശേഷം എല്ലാ വര്‍ഷവും തുടരുന്നു. ഫിഫയുടെ ക്ലബ്ബ് ലോകകപ്പിനെക്കാള്‍ ആവേശകരമാണ് ഈ ടൂര്‍ണമെന്റ്. ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളില്‍ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ടീമുകളും മറ്റു വന്‍കരകളിലെ ടീമുകളും തമ്മില്‍ അജഗജാന്തരമുണ്ട്. എന്നാല്‍ ക്ലബ്ബ് വോളിബോള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ടീമുകള്‍ ഏതാണ്ട് തുല്യശക്തികളുടേതാണ്. 
യൂറോപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ സിര്‍ സികോമ പെറൂജിയയും (ഇറ്റലി) ഹല്‍ക്ബാങ്ക്‌സ്‌പോര്‍ കുലൂബുവും (തുര്‍ക്കി) പങ്കെടുക്കുന്നു. ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീലിലെ ഇറ്റാംബെ മിനാസും സദാ ക്രുസേരിയൊ വോളിയും. ഏഷ്യന്‍ ചാമ്പ്യന്മാരായ സണ്‍റ്റോറി സണ്‍ബേഡ്‌സാണ് (ജപ്പാന്‍) ആതിഥേയ വന്‍കരയെ പ്രതിനിധീകരിക്കുന്നത്. ആതിഥേയ രാജ്യത്തിന്റെ പ്രതിനിധികള്‍ അഹമ്മദാബാദ് ഡിഫന്റേഴ്‌സും. ജപ്പാന്‍, ഇന്ത്യന്‍ ക്ലബ്ബുകള്‍ ആദ്യമായാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ മുഖം കാണിക്കുന്നത്. 
ആതിഥേയരെന്ന പരിഗണനയിലാണ് പ്രൈം വോളിബോള്‍ ചാമ്പ്യന്മാരായ അഹമ്മദാബാദ് ഡിഫന്റേഴ്‌സിന് ബെര്‍ത്ത് ലഭിച്ചത്. ഇന്ത്യയുടെ ഏറ്റവും പരിചയസമ്പന്നനായ കോച്ചുമാരിലൊരാളായ ദക്ഷിണാമൂര്‍ത്തി സുന്ദരേശനാണ് അഹമ്മദാബാദിനെ പരിശീലിപ്പിക്കുന്നത്. പ്രൈം വോളി പ്രഥമ സീസണില്‍ റണ്ണേഴഅസ്അപ്പായ അഹമ്മദാബാദ് ഈ വര്‍ഷം ചാമ്പ്യന്മാരായി. പെറൂജിയയും മിനാസും ഉള്‍പെടുന്ന പൂളിലാണ് അവര്‍. രണ്ട് വിദേശ ടീമുകളും നിലവാരത്തില്‍ ഏറെ മുന്നിലാണ്. 
കോര്‍ട് കൊഴുപ്പിക്കാന്‍
നിരവധി ലോകോത്തര താരങ്ങള്‍ ടൂര്‍ണമെന്റിനെത്തിയിട്ടുണ്ട്. ലോക ഒന്നാം നമ്പര്‍ ടീമായ പോളണ്ടിന്റെ കളിക്കാരനായ വില്‍ഫ്രഡൊ ലിയോണാണ് പെറൂജിയയുടെ ആക്രമണം നയിക്കുന്നത്. ക്യൂബന്‍ വംശജനാണ് ലിയോണ്‍. ക്ലബ്ബ് ലോക ചാമ്പ്യന്‍ഷിപ്പിലും ദേശീയ ടീമുകളുടെ ലോക ചാമ്പ്യന്‍ഷിപ്പിലും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പട്ട അതുല്യപ്രതിഭയാണ് പെറൂജിയയുടെ സെറ്റര്‍ സിമോണ്‍ ജിയാനെല്ലി. 
ബ്രസീലിന്റെ ഒളിംപിക് ചാമ്പ്യനും വെള്ളി മെഡലുകാരനുമായ വാലസ് ഡിസൂസയും ലുക്കാസ് സാറ്റ്കാംപുമാണ് ക്രുസേരിയോയുടെ കരുത്തന്മാര്‍. ഏഴടി രണ്ടിഞ്ചുകാരനായ ദിമിത്രി മുസേര്‍സ്‌കിയാണ് സണ്‍ബേഡ്‌സിന്റെ അതികായന്‍. റഷ്യയുടെ ഒളിംപിക് ചാമ്പ്യനാണ് ദിമിത്രി. ലോക നാലാം നമ്പറായ ജപ്പാന്‍ ടീമിലെ നിരവധി യുവ കളിക്കാര്‍ സണ്‍ബേഡ്‌സ് ജഴ്‌സിയിടുന്നു. 
പി.എസ്.ജിക്കു വേണ്ടി യൂത്ത് ഫുട്‌ബോള്‍ കളിക്കുകയും വോളിബോളില്‍ ഫ്രാന്‍സിനു വേണ്ടി ഒളിംപിക് സ്വര്‍ണം നേടുകയും ചെയ്ത ഈര്‍വിന്‍ എന്‍ഗാപേത്താണ് ഹല്‍ക്ബാങ്കിന്റെ ഹീറോ. ടര്‍ക്കിഷ് ലീഗില്‍ 10 കളികളില്‍ പത്തും ജയിച്ച ടീമാണ് ഹല്‍ക്ബാങ്ക്. സണ്‍ബേഡ്‌സ് ജപ്പാന്‍ ലീഗിലെ 11 കളികളില്‍ ഒരെണ്ണം മാത്രമാണ് തോറ്റത്. 
മിനാസ് കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്തായിരുന്നു. നിരവധി ബ്രസീല്‍ ദേശീയ താരങ്ങള്‍ അവര്‍ക്കു വേണ്ടി പോരാടുന്നു. 

Latest News