ന്യൂദല്‍ഹി- ഇന്ത്യന്‍ ബാഡ്മിന്റണില്‍ തന്റേതായ ഇടം കണ്ടെത്തിയ കായികതാരമാണ് പി.വി സിന്ധു.2024 പാരിസ് ഒളിമ്പിക്‌സില്‍ സ്വര്‍ണം ലക്ഷ്യമിട്ടാണ് ഇപ്പോള്‍ സിന്ധുവിന്റെ പരിശീലനം. പ്രകാശ് പദുക്കോണിന്റെ കീഴിലാണ് 28കാരിയായ സിന്ധുവിന്റെ പരിശീലനം.
ഒരു പോഡ്കാസ്റ്റ് ഷോയില്‍ തന്റെ പ്രണയബന്ധത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം സിന്ധു മനസുതുറന്നു. ടി.ആര്‍.എസ് ക്ലിപ്‌സ് എന്ന യുട്യൂബ് ചാനലില്‍ ഈ പോഡ്കാസ്റ്റ് ഷോയുടെ വീഡിയോ കാണാം.
റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന ചോദ്യത്തിന് 'സിംഗിള്‍' എന്നാണ് സിന്ധു മറുപടി നല്‍കിയത്. ജീവിതത്തില്‍ എപ്പോഴെങ്കിലും പങ്കാളി വേണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനു ഒരു പങ്കാളി വേണമെന്ന് ഇതുവരെ താന്‍ ചിന്തിച്ചിട്ടില്ലെന്നും അതെല്ലാം വിധിപോലെ സംഭവിക്കുമെന്നും സിന്ധു പറയുന്നു.
ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സിന്ധുവിന്റെ ഉത്തരം. 'അതിനെ കുറിച്ച് നല്ലതോ ചീത്തയോ പറയുന്നില്ല. പ്രണയം സംഭവിക്കുകയാണെങ്കില്‍ സംഭവിക്കട്ടെ.' സിന്ധു കൂട്ടിച്ചേര്‍ക്കുന്നു. തനിക്ക് വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുണ്ടെന്നും ജീവിതം ഇപ്പോള്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും സിന്ധു പറയുന്നു.
കര്‍ക്കശക്കാരനായ അച്ഛനെ പേടിച്ച് ആരും തന്നോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടില്ലെന്നും സിന്ധു ചിരിയോടെ പറയുന്നു.