റിയാദ് - നാലു തവണ ചാമ്പ്യന്മാരായ അല്‍ഹിലാല്‍ അജയ്യരായി ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. റിയാദില്‍ 2-1 ന് അവര്‍ ഇറാനിലെ നസാജി മസന്ദാരനെ തോല്‍പിച്ചു. അഞ്ച് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ഡി-യില്‍ ഒന്നാം സ്ഥാനത്താണ് ഹിലാല്‍. പൂനെയില്‍ മുംബൈ സിറ്റി 1-2 ന് ഉസ്‌ബെക്കിസ്ഥാനിലെ നവ്ബഹോറിനോട് തോറ്റു. ആറു കളിയും തോറ്റ് മുംബൈ ഗ്രൂപ്പില്‍ അവസാന സ്ഥാനത്തായി.
മക്കയില്‍ ഇറാനിലെ സെപാഹനെ 2-1 ന് തോല്‍പിച്ച് അല്‍ഇത്തിഹാദ് ഗ്രൂപ്പ് സി മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ദീര്‍ഘമായ പരിക്കിനു ശേഷം ഈജിപ്ത് ഇന്റര്‍നാഷനല്‍ അഹമ്മദ് ഹിജാസി തിരിച്ചെത്തി. ജോടയാണ് ഇത്തിഹാദിന്റെ വിജയ ഗോളടിച്ചത്. ഫെബ്രുവരിയിലാണ് നോക്കൗട്ട് തുടങ്ങുക.
നിലവിലെ റണ്ണേഴ്‌സ്അപ്പായ ഹിലാല്‍ നേരത്തെ പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരുന്നു. അതിനാല്‍ സ്‌ട്രൈക്കര്‍മാരായ അലക്‌സാണ്ടര്‍ മിത്രോവിച്ചിനെയും സെര്‍ജി മിലിന്‍കോവിച് സാവിച്ചിനെയും റിസര്‍വ് ബെഞ്ചിലിരുത്തി. റൂബന്‍ നെവെസ് റിസര്‍വ് ബെഞ്ചില്‍ പോലും ഉണ്ടായിരുന്നില്ല. നെയ്മാര്‍ പരിക്കേറ്റ് ബ്രസീലിലാണ്. എന്നിട്ടും പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്റ്റേഡിയത്തില്‍ നാലാം മിനിറ്റില്‍ തന്നെ വല കുലുങ്ങി. മുഹമ്മദ് അല്‍ബുറൈഖ് നിലംപറ്റെ നല്‍കിയ ക്രോസ് മിഷേല്‍ വലയിലേക്ക് പായിച്ചു.
ഇടവേളക്കു ശേഷം ഹിലാല്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി. ഗോളി യാസീന്‍ ബൂനൂവിനെ പിന്‍വലിച്ചു. എന്നിട്ടും ഏഷ്യന്‍ പ്ലയര്‍ ഓഫ് ദ ഇയര്‍ സാലിം അല്‍ദോസരിയിലൂടെ അവര്‍ ലീഡുയര്‍ത്തി. അവസാന അര മണിക്കൂറില്‍ മിത്രോവിച്ചും സാവിച്ചും കളത്തിലിറങ്ങി. 13 മിനിറ്റ് ശേഷിക്കെ മഹമൂദ് ഗായിദ് റഹമതിയുടെ കിടിലന്‍ ഷോട്ടില്‍ ഇറാന്‍ ക്ലബ്ബ് ആശ്വാസ ഗോള്‍ കണ്ടെത്തി. മുംബൈയെ തോല്‍പിച്ച് നവ്ബഹോറും പ്രി ക്വാര്‍ട്ടറിലേക്ക് മുന്നേറി.






