റിയോഡിജനീറോ - ബ്രസീല്‍ ക്ലബ്ബ് ഗ്രേമിയോയില്‍ ലൂയിസ് സോറസിന് വൈകാരിക വിടവാങ്ങല്‍. ഇന്റര്‍ മയാമിയില്‍ പഴയ സഹതാരം ലിയണല്‍ മെസ്സിക്കൊപ്പം കളിക്കുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും കളി തുടരുമോയെന്നുറപ്പില്ലെന്ന് ഉറുഗ്വായ് സ്‌ട്രൈക്കര്‍ വ്യക്തമാക്കി. ഏഴു ക്ലബ്ബുകളിലായി 555 ഗോളും 302 അസിസ്റ്റും 24 ട്രോഫികളുമുണ്ട് സോറസിന്റെ വിവാദ കരിയറില്‍. രണ്ടു തവണ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ, ഒരിക്കല്‍ ഗോള്‍ഡന്‍ ബൂട്ട്, പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട്, സ്പാനിഷ് ടോപ്‌സ്‌കോറര്‍... സോറസിന്റെ കിരീടത്തിലെ പൊന്‍തൂവലുകള്‍ അനവധി.
സ്‌പെയിനില്‍ ബാഴ്‌സലോണക്കും അത്‌ലറ്റിക്കൊ മഡ്രീഡിനും കളിച്ച ശേഷം ജനുവരിയില്‍ രണ്ടു വര്‍ഷത്തെ കരാറിലാണ് ഗ്രേമിയോയില്‍ ചേര്‍ന്നത്. കാല്‍മുട്ടിലെ കടുത്ത വേദന കാരണം കരാര്‍ റദ്ദാക്കാന്‍ ക്ലബ്ബിനോട് അഭ്യര്‍ഥിക്കുകയായിരുന്നു. 52 കളികളില്‍ 24 ഗോളും 17 അസിസ്റ്റുമായാണ് മുപ്പത്തേഴുകാരന്‍ വിടപറയുന്നത്.