Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വെന്‍ഡിംഗ് മെഷീനുകള്‍ വഴി സിഗരറ്റിനും എനര്‍ജി ഡ്രിങ്കിനും വിലക്ക്

ജിദ്ദ - വെന്‍ഡിംഗ് മെഷീനുകള്‍ വഴി പുകയില ഉല്‍പന്നങ്ങളും എനര്‍ജി ഡ്രിങ്കുകളും വില്‍ക്കുന്നത് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം വിലക്കുന്നു. വെന്‍ഡിംഗ് മെഷീനുകളുമായി ബന്ധപ്പെട്ട് തയാറാക്കിയ പുതിയ കരടു വ്യവസ്ഥകളിലാണ് പുകയില ഉല്‍പന്നങ്ങളുടെയും എനര്‍ജി ഡ്രിങ്കുകളുടെയും വില്‍പനക്കുള്ള വിലക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലിടങ്ങളില്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നതും വിലക്കുന്നുണ്ട്. പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി കരടു വ്യവസ്ഥകള്‍ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ മന്ത്രാലയം പരസ്യപ്പെടുത്തി.
വെന്‍ഡിംഗ് മെഷീനുകളില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ സൗദിയിലെ നിയമങ്ങള്‍ക്ക് അനുസൃതമായി അനുമതിയുള്ളവയായിരിക്കണമെന്നും കാലാവധിയുള്ളതായിരിക്കണമെന്നും കേടാകാത്തതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വെന്‍ഡിംഗ് മെഷീനുകള്‍ വഴി വില്‍ക്കുന്ന ചൂടുള്ള പാനീയങ്ങള്‍ നിറക്കാന്‍ പ്ലാസ്റ്റിക്കും ഫോമും ഉപയോഗിച്ച് നിര്‍മിച്ച കപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ട്രാഫിക് സിഗ്നലുകള്‍, പ്രധാന റോഡുകള്‍ക്ക് അരികില്‍, അപകടകരമായ മാലിന്യങ്ങളും മലിനജല പ്രദേശങ്ങളും പോലെ മലിനീകരണ സ്രോതസ്സുകള്‍ക്ക് സമീപം, താപസ്രോതസ്സുകളില്‍ നിന്ന് രണ്ടു മീറ്ററില്‍ കുറവ് ദൂരം എന്നീ നാലിടങ്ങളില്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നത് കരടു വ്യവസ്ഥകളുടെ ഭാഗമായി മന്ത്രാലയം വിലക്കുന്നു. പാര്‍ക്കുകള്‍, സര്‍വീസ് സെന്ററുകള്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ സ്റ്റേഷനുകള്‍, പൊതുസൗകര്യങ്ങള്‍, പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വാണിജ്യ തെരുവുകള്‍ എന്നിവിടങ്ങളില്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കാന്‍ അനുമതിയുണ്ട്.
നഗരസഭാ ലൈസന്‍സ് നേടാതെ വെന്‍ഡിംഗ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പേരുവിവരങ്ങളും ഫോണ്‍ നമ്പറും വിലാസവും രേഖപ്പെടുത്തിയ ബോര്‍ഡും ലൈസന്‍സ് വിവരങ്ങള്‍ വ്യക്തമാക്കുന്ന ബോര്‍ഡും നഗരസഭാ എമര്‍ജന്‍സി റൂമില്‍ ബന്ധപ്പെട്ട് പരാതി നല്‍കാനുള്ള നമ്പര്‍ രേഖപ്പെടുത്തിയ ബോര്‍ഡും മെഷീനില്‍ സ്ഥാപിക്കല്‍ നിര്‍ബന്ധമാണ്. സുരക്ഷാ നിരീക്ഷണ ക്യാമറകളയും മെഷീനുകളില്‍ സ്ഥാപിക്കണം. മെഷീനുകള്‍ പ്രവര്‍ത്തനരഹിതമാകുന്ന പക്ഷം അതേകുറിച്ച് അറിയിക്കുന്ന സ്‌ക്രീന്‍ സന്ദേശം പ്രദര്‍ശിപ്പിക്കുകയോ പോസ്റ്റര്‍ പതിക്കുകയോ വേണം.
വെന്‍ഡിംഗ് മെഷീനുകളില്‍ ഭക്ഷ്യവസ്തുക്കളും ആരോഗ്യ ഉല്‍പന്നങ്ങളും കൈകാര്യം ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് നേടിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വെന്‍ഡിംഗ് മെഷീനുകളില്‍ ഉല്‍പന്നങ്ങള്‍ നിറക്കുന്നവര്‍ സ്ഥാപനത്തിന്റെ യൂനിഫോം ധരിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും വേണം. ഉല്‍പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സമയത്ത് ഇവര്‍ മൂക്ക് വൃത്തിയാക്കാനോ ശിരസ്സില്‍ ചൊറിയാനോ പാടില്ല. ഭക്ഷ്യവസ്തുക്കളും ആരോഗ്യ ഉല്‍പന്നങ്ങളും കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ കൈയുറകള്‍ ധരിക്കണമെന്നും വ്യവസ്ഥയുണ്ട്.

 

Latest News